Tuesday, 31 July 2018

Daily notes 1_9_18

കുത്തുകൾ യോജിപ്പിക്കുന്നത് പോലെ നിർമിച്ചെടുത്തവയാണ് ചില ഓർമ്മകൾ. എന്റേതാണെന്ന് സംശയമില്ലാതെ കൊണ്ടു നടന്നിട്ടുണ്ട് പലതും. ഓർമിച്ചെടുക്കുന്നതിനേക്കാൾ എളുപ്പം മറക്കാനാണെന്ന് അനുഭവിച്ചറിഞ്ഞതാണ്. ഈ നിമിഷം നിങ്ങളെയും മറന്നേക്കാം. മഴക്കാലത്ത് ഒരു ചിലന്തിവലയിൽ തങ്ങി നിൽക്കുന്ന തുള്ളികൾ പോലെയാണ് ഓർമകൾ. ചിലത് , ചില മനുഷ്യർ പ്രിയപ്പെട്ടതാണെന്ന ബോധ്യം ഉണ്ട്. ചില നേരങ്ങൾ, ചില ചിത്രങ്ങൾ ഒക്കെ അതുപോലെ തങ്ങിനിൽപ്പുണ്ടാവാം. അവനവനെ ഓർക്കുമ്പോൾ പോലും സ്വയം നിർമിച്ചെടുത്തവയാണെന്ന് തോന്നുന്ന കാലം. ശരീരത്തെ കൊല്ലുന്ന പോരാളികൾ ഓർമകളെയും അതുപോലെ തന്നെ കശാപ്പ് ചെയ്യുന്നുണ്ട്. എത്ര കാലം ഇങ്ങനെ എന്നറിയില്ല. അവളവളിലേക്ക് നീണ്ട് നിൽക്കുന്ന ഇരുതല വാൾ മാത്രം. 

Sunday, 20 July 2014

ചോദിക്കപ്പെടാത്ത്ത ചില ചോദ്യങ്ങൾക്ക്

ജീവന്റെ കണികകളൊക്കെയും
അപ്രഖ്യാപിതമായ ഒരു
ഒളിപ്പോരിലാണെന്ന്
തിരിച്ചറിയുമ്പോൾ ,

ഹൃദയം, വേദനകൾ
കൊണ്ട് മാത്രം സംവദിക്കുന്ന
ഒരു കണ്ണാടിക്കൂട്ടിലേക്ക്
ഒരറ മാത്രമായി ചുരുങ്ങും..,

സ്വപ്നങ്ങളിലൊക്കെയും
വെയിൽച്ചീളുകൾ കൊണ്ട്
മുറിവേറ്റ ഓർമ്മകൾ
ചിതറിക്കിടക്കും...

കൈവിട്ടുപോവുന്ന
സമയത്തെക്കുറിച്ച് ഒരു ഘടികാരം പരാതിപ്പെട്ട്
മിടിച്ചുകൊണ്ടിരിക്കും...,

നിന്റെ കണ്ണുകളിലേക്ക്
തിരികെ വരാനാവില്ലെന്ന്
ഒരു പുഴ ഒഴുകിമറയും..

പൂത്തുലഞ്ഞു നിന്ന ഒരു
വസന്തത്തിനെ മഞ്ഞലകൾ
ഞെരിച്ചു കൊല്ലും...,

നിയന്ത്രണം വിട്ട വാക്കുകളെ
മുറിവേറ്റ ആത്മാവിനൊപ്പം
അപകടപ്പെടുത്താൻ
തീരുമാനിച്ച് ഞാൻ
നിശബ്ദതയിലേക്ക്
കൂപ്പുകുത്തും...

Saturday, 28 June 2014

the wishlist....








ഒരിക്കല്‍ മാത്രം തിരികെ പോവണം,
അന്നെവിടെയോ കണ്ണുകള്‍ മറന്നുവെച്ച്പോന്ന
വസന്തത്തിന്റെ നൂറുനിറങ്ങള്‍
ഹൃദയത്തില്‍ നിറച്ച്,
അത് ഒരു നിശ്വാസത്തില്‍ ചോര്‍ന്നു
പോവാതിരിക്കാന്‍ വേണ്ടി
മാത്രം പിന്നീടൊരിക്കലും കരയാതിരിക്കണം...

നീ പറഞ്ഞുകൊണ്ടിരുന്ന
രഹസ്യങ്ങളുടെ പാതി
തട്ടിപ്പറിച്ച അപ്പൂപ്പന്താടികളോട്
ഇനിയൊരിക്കലും കലഹിക്കില്ലെന്നു
പറയണം...

നമുക്ക് വേണ്ടി മാത്രം
പൂക്കുന്ന മരച്ചില്ലകളില്‍ കയറിയിരുന്ന്‌,
അരൂപികളെപ്പോലെ
നിന്റെ പ്രിയപ്പെട്ട പാട്ട് മൂളണം...

നിന്‍റെ കണ്ണുകളില്‍ നോക്കിയിരുന്ന
നീലരാവുകള്‍ക്കൊടുവില്‍
ഒന്നും പറയാതെ
തനിച്ചാക്കിപ്പോയതിന് മാപ്പ് ചോദിക്കണം...

എഴുതിത്തീരാത്ത എന്‍റെ
കവിതകളിലൊക്കെയും
നീ വിരഹം കുറിച്ച് വെച്ചത്
കണ്ടില്ലെന്നു നടിച്ചത് ഏറ്റുപറയണം...

നമ്മുടെതെന്ന് മാത്രം പേരുള്ള
കുറെ പാട്ടുകള്‍ക്ക്ചെവിയോര്‍ത്ത്
ഓര്‍മകളുടെ ചുഴിയില്‍
വീണു മരിക്കണം...

തനിച്ചായിപ്പോയ സ്വപ്നങ്ങളിലൊക്കെയും
നീ വരുമെന്ന്‍ കൊതിച്ചിരുന്നുവെന്ന്
ഒരിക്കലെങ്കിലും നിന്‍റെ
കണ്ണുകളോട് പറയണം...

ഇന്നും മഴവയലുകളുടെ
ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ നീ എന്റെ
കൈചേര്‍ത്തുപിടിക്കാറുണ്ടെന്നോര്‍ത്ത്
പുഞ്ചിരിക്കണം...

എല്ലാ വെളിച്ചങ്ങളും കെട്ടുപോയ
ഒരു നിറഞ്ഞ ആകാശംപെയ്തുതോരും വരെ
നീ കണ്ണീരൊഴുക്കിയിട്ടും
നിന്നിലേക്ക്‌ തിരികെ വരാനാവാത്ത
നാളെകളെയുപേക്ഷിച്ചു കടന്നുകളയണം....

ഇനിയൊരിക്കല്‍ മാത്രം
നിനക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്‍,
ഹൃദയം കൊണ്ട് പ്രണയിക്കാന്‍
മരണം കൊണ്ടെങ്കിലും
മറ്റൊരു ജന്മം കടം കൊള്ളണം.

Friday, 27 June 2014

ജീവിതാസക്തിയുടെ സ്നേഹത്തുടിപ്പുകൾ....

അലറി പെയ്യുന്ന
മഴയോടൊപ്പം ഒരു
ട്രാഫിക് ഐലൻഡിൽ
തനിച്ചായിപ്പോവുമ്പോൾ,
മഞ്ഞവെളിച്ചങ്ങളുടെ
വേഗത പടർത്തുന്ന
മരണാസക്തിയെക്കുറിച്ച്,

ഇരുണ്ട റെയിൽപ്പാളങ്ങൾക്ക്
കീഴെ തണുത്ത ജലപാളികളുടെ
ആഴങ്ങളിൽ നിന്ന് പതഞ്ഞുയരുന്ന
മരണവിളികളെക്കുറിച്ച് ,

സൂചിമുനകളിൽ ഓരോ വട്ടവും
പുളഞ്ഞു കയറുന്ന
ഒരു തുള്ളി രക്തം
കവിഞ്ഞൊഴുകുന്ന
മരണഭയത്തെക്കുറിച്ച്‌ ,

സ്വപ്നങ്ങളിലെ ഒരു
മഞ്ഞമന്ദാരം തണുത്തുറഞ്ഞ്
ഇല്ലാതാവുന്നത് പോലെ
ഓർമകളുടെ ഒരു വസന്തം
അകന്നു പോവുന്നതിനേക്കുറിച്ച്‌,

നിന്നോട് പുലമ്പാതിരിക്കുന്നത്,

ഇപ്പോഴും നിന്റെ കണ്ണുകളിലെ
ഭയം തറഞ്ഞു കയറുമ്പോൾ
നോവുന്നത്,
എന്റെ ജീവിതാസക്തിയുടെ
സ്നേഹത്തുടിപ്പുകൾക്കാണ്......

Tuesday, 7 January 2014

പനിരാവുകള്‍.

പനിക്കിടക്കയിൽ ഞാൻ
കിരീടം നഷ്ടപ്പെട്ട
ചക്രവര്ത്തിയെപ്പോലെ
അസ്വസ്ഥമായ ചിന്തകളിലേക്ക് പടയോട്ടം
നടത്തിക്കൊണ്ടിരിക്കും...   
ജനാലക്കപ്പുറം നിർത്താതെ
മഞ്ഞു പെയ്യുമ്പോഴും 
ഉൾചൂടളക്ക്കുന്ന മാപിനിയോടു വല്ലാതെ
കലഹിച്ചുകൊണ്ടിരിക്കും..
അപ്പോഴേക്കും ഇടവിട്ട
നീർപ്പെയ്ത്തുകളിൽ 
ക്ഷീണിതയായ കണ്ണീര്‍ത്തടങ്ങളിൽ
ഇരുള്‍പ്പാമ്പുകൾ ഇഴഞ്ഞു കയറും...
കത്തുന്ന നോട്ടത്തിന്റെ
മുനമ്പുകളിലുടക്കി
മേല്ക്കൂര രണ്ടായി പിളരും..
അതിലൂടെ നക്ഷത്രമുല്ലകളുടെ
വേരിറങ്ങി വന്ന്‌ വരണ്ട
കവിൾത്തടങ്ങളിൽ
മിഴിനീരു തിരയും..
തളർന്ന കാഴ്ചകൾക്ക് മേലെ
ഇരുണ്ട വലയങ്ങളുടെ
ഒരു മൂടുപടം വന്നു വീഴും..
ഓരോ സ്പർശവും
നനവിന്റെയും വരൾച്ചയുടെയും രണ്ട്‌
വ്യത്യസ്ത സാമ്രാജ്യങ്ങൾ
നിർമിച്ച്‌  തരും..
ഇന്ദ്രിയങ്ങളൊക്കെയും 
അപരിചിതരെപ്പോലെ
നോവുകളുടെ നിലവിളിക്ക്‌
ചെവികൊടുക്കാതെ ഈ
ഒറ്റയാവലിന്റെ ചിത
നിറച്ചുകൊണ്ടിരിക്കും...
പിന്നീടെപ്പോഴാണ്  നീ
വരൾച്ചയുടെ നെറ്റിത്തടത്തിൽ ഒരു
മഴക്കാലം നനച്ചിട്ടത് ,
അതിനുശേഷമാണ് ഞാൻ
ആവലാതികളുടെ ഉപ്പിട്ട്
ഒരു പകൽ കുടിച്ചുതീർത്തതും
തണുത്ത മനസ്സ് നിറയെ
സ്നേഹം പുതച്ച്
കിടന്നുറങ്ങിയതും......

Tuesday, 6 August 2013









അവസാനമില്ലാത്ത കൂടുമാറ്റങ്ങളില്‍ മനംനൊന്ത്
അടിഞ്ഞുകൂടിയ നിരാശ, സ്വപ്നങ്ങളില്‍ ഒരു വീട് വരക്കുന്നുണ്ട്.
വല്ലപ്പോഴും കാണുമ്പോള്‍ അപരിചിതനെപ്പോലെ
മുഖം തിരിച്ചുനില്‍ക്കാതെ,
ഹൃദയവ്യഥകള്‍ ഇറക്കി വെക്കുമ്പോള്‍
സ്നേഹത്തോടെ പുഞ്ചിരിക്കുന്ന,                                                        
അന്വേഷിച്ചു വരാന്‍ മറ്റ് അവകാശികളാരുമില്ലാത്ത ഒരു വീട്...

Monday, 5 August 2013

ജീവിതം പഠിച്ചു തുടങ്ങിയത് ഇവിടെ നിന്നാണ്...പിരിയാനാവാത്ത ചില സൌഹൃദങ്ങളെങ്കിലും ഇപ്പോഴും ഒരു വിളിപ്പാടകലെ എന്നോര്‍മിപ്പിച്ച് കൂടെ കൂടിയതും...

അന്ന് 'നമ്മള്‍' മാത്രമേ ഉണ്ടായിരുന്നുള്ളു... പിന്നീടെപ്പോഴോ അത് നീയും ഞാനും എന്ന്‍ വേര്‍പിരിഞ്ഞു.എന്നിട്ടും സൌഹൃദത്തിന്റെ ഒരു മഴച്ചാറ്റലില്‍ ഇപ്പോഴും നമ്മള്‍ അറിയാതെ പങ്കുവെക്കുന്നുണ്ട് ആ പഴയ കാലത്തിന്‍റെ നോവുകള്‍.., ഒഴിവുനേരങ്ങളില്‍ നെയ്തെടുത്ത സ്വപ്നലോകങ്ങളുടെ ഏടുകള്‍, കൈചേര്‍ത്ത്‌ പിടിച്ചു നടന്ന ഇടനാഴികള്‍, തനിച്ചാക്കിപ്പോയതിന്റെ പരിഭവങ്ങള്‍, ഒരുമിച്ചു താളമിട്ടു പാടിയ ഈരടികള്‍, കൂട്ട് ചേര്‍ന്ന് നടത്തിയ 'യുദ്ധങ്ങള്‍' , പതഞ്ഞുയരുന്ന ആഘോഷങ്ങള്‍, ഒടുവില്‍ എത്ര ദൂരെ പോയാലും ഒരു വാക്കിന്‍റെ അകലം മാത്രമുള്ള കലഹങ്ങളും....

നമ്മളെന്തേ വളര്‍ന്നുപോയി????? എനിക്കിന്നും ആ കാറ്റാടി മരത്തിന്‍റെ ചുവട്ടിലെ പാറപ്പുറത്ത് നിങ്ങളോടൊപ്പം ചേര്‍ന്നിരുന്ന് പൊട്ടിച്ചിരിക്കാനാണ് ഇഷ്ടം... വേര്‍പിരിഞ്ഞതില്‍ പിന്നെ വളര്‍ന്നു പോയ മനസ്സിനൊപ്പം തലയിലേറ്റിയ സങ്കീര്‍ണതകള്‍ ഒലിച്ചുപോവും വരെ....

Tuesday, 30 July 2013

മനുഷ്യത്വം ഒരു ന്യൂനപക്ഷമതവും
സ്നേഹം ആഗ്രഹനിവര്‍ത്തിക്കുള്ള ഒരു ആയുധവും
മാത്രമായിരിക്കെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം
പുഞ്ചിരിക്കുന്ന മുഖങ്ങളാണ് എനിക്ക് ചുറ്റും.
അപഹരിക്കപ്പെട്ടതെന്തെന്നു തിരിച്ചറിയാനാവുന്നതിനും മുന്‍പേ കടന്നു കളയുന്ന സമസ്യകളാണ്‌ അതിലേറെയും....

Tuesday, 16 July 2013

ഇടവഴിയിലൂടെ....





നേര്‍വഴികളുടെ മനശ്ശാസ്ത്രം
ചിതലെടുക്കുമ്പോള്‍ ,
ഇടവഴികളില്‍ , ചാവെടുക്കും മുമ്പേ
ചോരവറ്റിയ ഗര്‍ഭപാത്രങ്ങള്‍
പെറ്റിട്ട അനാഥത്വം നിലവിളിക്കുന്നു;
ലോകമറിയും മുമ്പേ
ജീവന്‍റെ വേരറ്റ പെണ്‍കുഞ്ഞുങ്ങള്‍
ദിക്കറിയാതെ ഒഴുകി നടക്കുന്നു..,
കാലം മറന്നുവെച്ച പ്രണയത്തിന്‍റെ
കൈവഴികളില്‍ ചതിയുടെ
നെരിപ്പോടുകളെരിയുന്നു;
എന്നിട്ടും ഉത്തരമറിയാത്ത
കടങ്കഥപോലെ, അതിജീവനത്തിന്‍റെ
ഇടവഴികളില്‍ പൊലിയുകയാണല്ലോ
നാമോരോരുത്തരും..........

Friday, 5 July 2013

മറക്കാനാവാത്ത ചില കുറിപ്പുകള്‍...

പുതിയ നോവുകളിലേക്ക് ജീവിതം പകര്‍ന്നാടുമ്പോഴും ആഴങ്ങളില്‍ നീ ഇന്നും, ഉണങ്ങാത്ത മുറിവുകളില്‍ കണ്ണീര്‍ ചാലിക്കുന്നു...feeling sad.
 
 
 
Finally when i began 2 live,
you found me not worth living,
and nw am defeated,
let me leave...
 
 
 
മഴ പെയ്യാനൊരുങ്ങി നില്‍ക്കുമ്പോള്‍ ട്രെയിന്‍ യാത്രകള്‍ ചെന്ന് ചേരാനുള്ള വിരസതകള്‍ക്കും മാറിമറിയുന്ന ദൌര്ഭാഗ്യങ്ങള്‍ക്കും
ഇടയില്‍ ജീവിതം ആസ്വദിക്കാന്‍ അവിചാരിതമായി വീണു കിട്ടിയ ഇടവേളകളാണ്.... ഒരുപക്ഷെ ഒരിക്കലും അവസാനിക്കരുതെന്നു കൊതിച്ചുപോവുന്ന അപൂര്‍വം നിമിഷങ്ങളിലൊന്ന്.....
watching rain from train.
 
 
തീവ്രത നഷ്ടപ്പെട്ട് ഓര്‍മകളായി
എരിഞ്ഞടങ്ങുന്ന വേദനകളുടെ
പുനര്‍വായന.....
— at reading my old diary..
 
 
നീയകന്നു പോയ പകലിന്‍റെ
നോവുകളില്‍ തനിച്ചിരുന്ന്
ഒരുപാടു കൊതിച്ചു...
വേനലിന്‍റെ വറുതികള്‍
മായുമ്പോള്‍ മഴനൂലുകളില്‍
സ്വപ്നം നെയ്ത് നീ തിരികെ വരുമെന്ന്...
 
 
നേര് പൊതിഞ്ഞുപിടിച്ച് നീ വലിച്ചെറിഞ്ഞുപോയ കടങ്കഥയുടെ ഉത്തരമില്ലായ്‌മയിലേക്ക് തന്നെയാണ് ഇന്നും നേരം പുലരുന്നത്...
അസ്വസ്ഥതകളുടെ പകല്‍.
feeling sick.
 
 
 
 
 
ചില ബന്ധങ്ങള്‍ ; കൈവിട്ടുപോയ ഒരു വാക്കിന്‍റെ,
നിലതെറ്റിയ ഒരു നിമിഷത്തിന്‍റെ ഇടവേളയില്‍
അവസാനിക്കുന്നു....
മറ്റു ചിലത് ജന്മാന്തരങ്ങളോളം
നോവിന്‍റെ കനലില്‍ എരിഞ്ഞാലും
പിരിയാനാവാതെ ചേര്‍ന്നുനിന്നു
വിതുമ്പുന്നു...
feeling LOST IN PAST...
 
 
 
State level 2nd place for malayalam versficatn of health universty 
 
 
 
പാതിവഴിയില്‍ തനിച്ചാക്കിപ്പോയ
ചില വാക്കുകളുണ്ട്..
പെയ്തു തീരാത്ത മഴ പോലെ
ഇടയ്ക്കിടെ തണുത്ത വിരലുകള്‍
നീട്ടുന്ന ചില ബന്ധങ്ങളും...
ഒരു നോക്കിന്റെ ശൂന്യതയില്‍
വല്ലാതെ നോവുന്ന
മനസ്സുകളും...
 
 
 
നിരാശയുടെ ജീവിതപുസ്തകം തുറന്നു കാണിച്ചിട്ട്
നീയെവിടെയോ പോയൊളിച്ചു...
എഴുതിത്തീരാത്ത കണക്കുകള്‍ ശേഷിക്കുന്നെന്നോര്‍ത്ത്
ഞാനിന്നും അതിനു കാവലിരിക്കുന്നു..
ഏതാണ് സത്യം????
നീ രക്ഷപ്പെട്ടതോ ഞാന്‍ അകപ്പെട്ടതോ..?????
 
 
 
ഏതു വേനലിന്‍റെ ചുവപ്പിലാണ് നാം വേര്‍പിരിഞ്ഞത്??? ഇനിയൊരു പുതുമഴയില്‍ പുനര്‍ജനിക്കാനാവാത്ത വിധം ആഴങ്ങളില്‍ തപസ്സിരിക്കുന്നു സ്വപ്‌നങ്ങള്‍..... ...
 
 
 
 
എന്റെ ലോകം അതെന്നും ഒന്ന് തന്നെയായിരുന്നു..മാറിയത് ചുറ്റും വരച്ചുചേര്‍ക്കുകയും മാഞ്ഞുപോവുകയും ചെയ്തിരുന്ന മുഖങ്ങള്‍ മാത്രമാണ്.
കാന്‍വാസിലേക്ക് ഒഴുകിനിറയുന്നതു പോലെ വന്നു ചേരുമ്പോഴും പിരിഞ്ഞു പോവുമ്പോഴും ഓരോ മുഖങ്ങളും അവശേഷിപ്പിക്കുന്നത് നിറങ്ങളാണ്....
ഓരോരുത്തരിലേക്കുമുള്ള മനസ്സിന്‍റെ സഞ്ചാരങ്ങളെ പ്രതിഭലിപ്പിക്കുന്ന ഒരായിരം നിറങ്ങള്‍.......
 
 
 
വിടപറയാതെ പെയ്തൊഴിഞ്ഞ
മഴയുടെ ഓര്‍മയില്‍ ഒരു മരം
വേദനിച്ച് പെയ്യുന്നു..,
 
 
 
 
 
 
 
 
 
 
 
 
 
 

Saturday, 8 June 2013

മുറിവുകള്‍



            '' മഴവേരുകള്‍ ആഴ്ന്നിറങ്ങിയ 
              സായാഹ്നത്തിലാണ്
              കൈചേര്‍ത്ത് പിടിച്ച്
              നമ്മള്‍ വാകമരച്ചുവട്ടില്‍
              നടക്കാനിറങ്ങിയത്...
              എനിക്കും നിനക്കും
              അഭയം തന്ന
              പൂമരക്കൊമ്പുകളാണ്
              ഇന്ന്‍ വാര്‍ന്നൊലിച്ച
              മുറിവുകളുമായി
              മണ്ണോടു ചേരുന്നത്..... ''
 

Thursday, 6 June 2013

വിലാസം ; മരണം@gmail.com നരകം

ഇരു ധ്രുവങ്ങള്‍ക്കിടയിലെ
തമ്മില്‍ക്കലരാത്ത സൈബര്‍ വലത്തുമ്പുകളുടെ
അനന്തതയിലെവിടെയോ
ഇരുന്നാണ് നാം വേരറ്റ ബന്ധങ്ങളുടെ
ഇരുട്ടില്‍ ഹരിശ്രീ കുറിച്ചത്...

അമ്മ നാവില്‍ തിരുകിയ കൃത്രിമത്വത്തിനും
അച്ഛന്‍റെ പാതിമയങ്ങിയ കണ്ണുകള്‍ക്കും
കാലുറക്കാത്ത ചിന്തകള്‍ക്കും മേലെ,
ബാല്യം വാര്‍ത്തെടുത്തിരുന്ന മാതൃത്വത്തിന്റെ
മൂശകളുണ്ടെന്ന് കേട്ടറിഞ്ഞതും....

ചെറുവിരല്‍ത്തുമ്പിലെ ചലിക്കുന്ന
'ഇ -ലോക ' ത്തിനപ്പുറം , അത്
ചേര്‍ത്തുപിടിച്ചു നടക്കാന്‍ പഠിപ്പിച്ച
പൈതൃകത്തിന്റെ വേരുകള്‍ ചികഞ്ഞതും...

നിമിഷനേരത്തെ വിരസപാചകങ്ങള്‍ക്കും
മുന്‍പേ , പടിയിറങ്ങിപ്പോയ നരവീണ
വിരലുകള്‍ തീര്‍ത്ത രുചിയുത്സവങ്ങളില്‍
നൊന്ത്‌ കൊതിച്ചതും...

എണ്ണിയാലൊടുങ്ങാത്ത കോണ്ക്രീറ്റ്
കാടുകളുടെ അടിവേരുകളില്‍നിന്ന്‍
നനവിനു യാചിച്ച വിത്തുകളുടെ
മരണവിലാപം ചെവിയില്‍ തറച്ചതും...

മുഖപുസ്തകങ്ങളും എഴുത്തുപലകകളും
ചേക്കേറിയ ജീവിതം, നമ്മള്‍ ഒരേ
പച്ചവെളിച്ചത്തിനു താഴെ കുടിയിരുത്തി
ചാറ്റല്‍മഴകള്‍ക്ക് കാതോര്‍ത്തപ്പോഴാണ്.

ഇനിയുമൊരു നാളില്‍ നാം
പാതിവഴി പിന്നിട്ട രാവിന്‍റെ ചാറ്റല്‍
ചിന്തകളില്‍ നിന്ന്
നഷ്ടലോകം തേടി യാത്രയായി...

വിരല്‍ത്തുമ്പിലെ മിഥ്യാലോകം
വെടിഞ്ഞു നാം രക്തച്ചുവപ്പിന്റെ
തെരുവുകളിലലയുമ്പോള്‍
പൊരിയുന്ന മണല്‍ മാത്രം,
വരളുന്ന ബുദ്ധിയുടെ നീരും കുടിച്ച്
ശീതക്കാറ്റിനും കീഴെ യന്ത്രങ്ങള്‍ മാത്രം...

കനിവും മുലപ്പാലും പുഴകളും കണ്ടില്ല,
ഇരുളവീണ പൂമരക്കുറ്റികള്‍ക്കും മീതെ
അലറിയാര്‍ക്കും ചാവുകടല് മാത്രം.

തുളവീണ ആകാശപാളികളില്‍ നിന്നും
വിഷമാരി പെയ്തു നാമെരിയും മുന്‍പേ,
ചതിയുടെ വലക്കണ്ണികളിലൂടെ തിരികെ
നടക്കുമ്പോള്‍ നീ ചോദിച്ചത്,
ഒരിറ്റു കണ്ണീര്‍ മാത്രം.......

അന്യമായിപ്പോയ വികാരങ്ങളുടെ
മരവിപ്പും പേറി ഞാന്‍
ശ്വാസം തിരയുമ്പോള്‍,
പുകമറയിലെവിടെയോ നീയലിഞ്ഞില്ലാതായി...
വെളിപ്പെടുത്താന്‍ ജീവരഹസ്യങ്ങളില്ലാതെ
ഞാന്‍ നഷ്ടഋതുക്കളുടെ നിഴലില്‍ മരിച്ചു..

ഹൃദയമില്ലാത്ത നിങ്ങള്‍ക്കു വായിക്കാന്‍
ഒടുവിലെന്റെ മരണക്കുറിപ്പ് മാത്രം...

വിലാസം ;

      മരണം@gmail.com നരകം ...........................................

Tuesday, 28 May 2013

നിശാഗന്ധി

ബാല്യത്തിന്‍റെ വിടര്‍ന്ന കണ്ണുകളില്‍
പാതിവഴി പിന്നിട്ട രാവിന്‍റെ
പ്രകാശകണികകളായി
പൂത്തുലഞ്ഞവള്‍...
മഞ്ഞുപെയ്ത രാവിന്‍റെ അടയാളങ്ങള്‍
നെറുകയില്‍ ചൂടി
ഇമചിമ്മാതെ നിന്നവള്‍....
വിടരാതെ പോയ മൊട്ടിന്റെ
നൊമ്പരം താങ്ങാനാവാതെ ,
ഇലത്തുമ്പിലെ വേരുനീട്ടി
കൈത്താങ്ങു തേടിയവള്‍...
കൌമാരം കോറിയിട്ട
എഴുത്തുപലകകളില്‍
സ്നേഹത്തിന്റെ സൌരഭ്യമായി
ഇതളടര്‍ന്നു വീണവള്‍.....
നരവീണ മനസ്സിന്‍റെ
നഷ്ടഗന്ധങ്ങളില്‍
പൊഴിയാതെ നിന്നവള്‍....
മഞ്ഞപുതച്ച മരണത്തിന്‍റെ
പച്ചവഴികളില്‍ നിന്ന്‍
പുനര്‍ജനി തേടിയിരുന്നവള്‍....,,,

നിശാഗന്ധി......

Monday, 27 May 2013

പാതിവഴിയില്‍ തനിച്ചാക്കിപ്പോയ
ചില വാക്കുകളുണ്ട്..
പെയ്തു തീരാത്ത മഴ പോലെ 
ഇടയ്ക്കിടെ തണുത്ത വിരലുകള്‍ 
നീട്ടുന്ന ചില ബന്ധങ്ങളും...
ഒരു നോക്കിന്റെ ശൂന്യതയില്‍ 
വല്ലാതെ നോവുന്ന 
മനസ്സുകളും....

നമ്മളില്‍ ഇപ്പോള്‍ ഒഴുകുന്നത്
പഴകിയ വിചാരങ്ങളുടെ
അവശേഷിപ്പുകളാണ് ..
നാം സ്വയം തിരിച്ചറിഞ്ഞ്
പരസ്പരം അറിയും മുന്‍പേ
കുഴിച്ചുമൂടിയ കൊള്ളരുതായ്മകള്‍....
എനിക്കറിയില്ലെന്ന് നീയും
നിനക്കറിയില്ലെന്ന് ഞാനും
വിശ്വസിക്കുന്ന മൂടുപടം
നഷ്ടപ്പെട്ട രഹസ്യങ്ങള്‍!!!!!
സ്വയം പരിഹാസ്യരാവുകയല്ലാതെ
മറ്റെന്താണ് നാമിവിടെ
ചെയ്യുന്നത്?????

Saturday, 25 May 2013

സമയ യുദ്ധങ്ങള്‍ ..



തീയതികളെ  ചതിച്ചാണ്  എന്‍റെ
ജീവിതം ചേര്‍ത്തു പിടിച്ചു
ഞാന്‍ മുന്നോട്ടു പായുന്നത്....
ഇനിയൊരു പക്ഷേ ഒരിക്കലും
ചതിക്കപ്പെടില്ലെന്നറിയുന്ന
സമയത്തിനു മുന്‍പേ നടക്കാന്‍
കൊതിക്കുന്ന എന്‍റെ ആശങ്കകളാവാം
വേരുറക്കും മുന്‍പേ എന്നെ
നാളെയിലേക്ക്  പറിച്ചു നടുന്നത്.

കലണ്ടര്‍ ഒരു യുദ്ധഭൂമിയാണ്.
കറുപ്പും ചുവപ്പും
തമ്മിലുള്ള അടങ്ങാത്ത ജാതിപ്പോരുകള്‍....
എന്നും സവര്‍ണ്ണനാവാന്‍
കൊതിച്ചാണ് എന്‍റെ
ദിവസങ്ങള്‍ പുലര്‍ന്നിരുന്നത്,
ഗതികേടുകള്‍ കറുത്ത അക്കങ്ങളില്‍
തളച്ചിടുമ്പോള്‍
ഇരുട്ടിവെളുക്കുന്നത് തിരിച്ചറിയാന്‍
കിതപ്പുകളും നെടുവീര്‍പ്പുകളും
മാത്രമേ ശേഷിക്കുന്നുള്ളൂ .

ഒടുക്കം കാത്തിരുന്ന ചുവന്ന
പകലിന്‍റെ ഘടികാരം
ശരവേഗം തേടുമ്പോള്‍
വീണ്ടും കല്‍ത്തുറു ങ്ക് കള്‍
തുറന്നിട്ട്‌ ഇരുട്ട് പടരുന്നു;
ഹരിച്ചും ഗുണിച്ചും ജയിക്കാനാവാത്ത
കലണ്ടറിലെ സ്ഥാനം
തെറ്റിയ അക്കങ്ങളിലൂടെ....

Sunday, 24 February 2013

പരാജയം


വിലപേശലുകളുടെ ഒരു നീണ്ട
യുഗത്തിനു മുന്‍പ്,
ഞാന്‍ നിന്റേതു മാത്രമായിരുന്നു...
തമ്മില്‍ക്കലരാത്ത പകലുകളുടെ
നിഴലില്‍ നാം പ്രണയിച്ചിരുന്നു...
എന്നിട്ടും നിന്നില്‍ പെയ്തൊടുങ്ങാനാവാഞ്ഞതാണ്
എന്‍റെ പരാജയം....

നിന്‍റെ ജീവിതം
എന്‍റെ നിഴലിന്‍റെ തടവറയില്‍
ഒടുങ്ങുകയാണെന്നു
തിരിച്ചറിയുമ്പോള്‍
പറന്നു പൊയ്ക്കൊള്ളുക...

നിനക്കായി ജന്മമെടുത്ത
അതിരുകളില്ലാത്ത ഒരാകാശം
മറുകോണിലെവിടെയോ
നിന്നെ തിരയുന്നുണ്ട്....

നീ വന്നത്


നീ എന്തിനെന്റെ വെയിലിന്‍റെ
രാജ്യത്തേക്ക് കടന്നു വന്നു?
അപ്പോള്‍ എന്‍റെ വെയില്‍ക്കിളികള്‍
യാത്ര പോയിരിക്കുകയായിരുന്നു.
നിന്‍റെ കണ്ണുകളിലെ ഗ്രീഷ്മജ്വാലയെ
ഭയന്ന് അവ പിന്നീടൊരിക്കലും
തിരിച്ചുവന്നതുമില്ല...
നീ പടര്‍ന്നുകയറിയതില്‍പ്പിന്നെ
മഴയായിരുന്നു...
നിലക്കാത്ത മഴ....
അതില്‍ ഭ്രമിച്ചു ഞാന്‍
കണ്ണീര്‍പ്പുഴയിലേക്കൊലിച്ചു പോയി....