കൈവിട്ടു പോവുന്ന ചിലത്
എന്നെ ഭയപ്പെടുത്തുന്നുണ്ട്..
അദൃശ്യതരംഗങ്ങളില്‍ കോര്‍ത്ത
ജീവിതങ്ങള്‍ എന്നില്‍ ആരംഭിക്കുന്നു..
അവ സഞ്ചാരമദ്ധ്യേ എവിടെയും
തമ്മില്‍ക്കലരാതെ ,
വികാരത്തള്ളിച്ചകളില്‍
മുറിവേറ്റു വഴിയിലൊടുങ്ങാതെ
സമാന്തരരേഖകളായി എന്നില്‍ത്തന്നെ
അവസാനിക്കണമെന്നു ഞാന്‍ കൊതിച്ചു.
ഇത് എന്റെ വ്യാമോഹം...
ഇനിയൊരുപക്ഷേ,
സ്വപ്നസഞ്ചാരങ്ങള്‍ക്കിടയില്‍
പരസ്പരം തിരിച്ചറിയാന്‍ അവ
നൂല്ക്കമ്പികള്‍ നെയ്ത്
എന്നെ ചതിക്കുന്നുണ്ടെങ്കില്‍
അത് എന്റെ പരാജയം....
സുതാര്യമെന്ന് തെറ്റിദ്ധരിപ്പിച്ച്
ഞാന്‍ വിത്തുപാകിയ എന്‍റെ
ചിന്തകളുടെ രഹസ്യഅറകള്‍
ചിതലെടുത്തു തുടങ്ങി..
ഉറവ വറ്റാതെ എന്റെ ആകാശം
നിറഞ്ഞിരുന്ന മേഘപാളികള്‍
ചോദ്യചിഹ്നങ്ങളുടെ ഇടവിട്ട
കാറ്റേറ്റു മെലിഞ്ഞു തുടങ്ങി...
മറവി ഒരു സാധ്യതയല്ല,
സ്വയം മറവിയിലാഴുന്ന ഒരു
പകല്‍ പിന്നില്‍ പിറക്കുമ്പോള്‍..
ഇനി സ്വപ്‌നങ്ങള്‍ മാത്രം,
ദിവാസ്വപ്നങ്ങള്‍.....












