Thursday, 31 May 2012

നിന്നില്‍ പെയ്യുന്നത്..


---------------------------------------
നിലക്കാതെ അലറിപെയ്തു
മരിച്ചു പോയൊരു 
മഴയുടെ ഓര്മയില്‍ ,

ജനല്പ്പാളികളില്‍ തട്ടി വിളിച്ച 
ഒരു തണുത്ത നോവിന്റെ 
സീല്‍ക്കാരം തന്ന കാറ്റിന്റെ സ്വരങ്ങളില്‍,

വേര്‍തിരിച്ചറിയുവാനാവാത്ത നോവിന്റെ 
ചിത്രങ്ങളില്‍ ,നീയെന്റെ 
ബോധതലത്തില്‍ 
ഒരു കൂരിരുട്ടായ് 
ഇന്നും പടരുന്നു..

ഓര്‍മകള്‍ക്ക് 
നിറം വറ്റിയ കാഴ്ചകളിലെ 
അവ്യക്തത..

ഓര്‍മ്മകള്‍ക്കിപ്പുറം,
ഈ പുക കാഴ്ചയില്‍ 
അലിഞ്ഞു, ഇനി ഞാന്‍ പിന്‍ വാങ്ങട്ടെ...

പാതി പെയ്ത ചിന്തകളില്‍,
ഒന്നും പൂര്‍ത്തിയാക്കാതെ .,
ഒരു അര്‍ദ്ധ വിരാമത്തിന്റെ 
നിസ്സഹായതയില്‍ ,തണുത്ത് മരവിക്കാന്‍..,

ഒരു വേനല്‍ മഴതുള്ളിയില്‍ നിന്‍റെ 
ആദ്യ ചുംബനമായി നിറയാന്‍..
ഒരു ഹിമകണം പോലെ അലിയാന്‍, 
വേര്പിരിഞ്ഞവരുടെ 
കണ്ണിലെ കനലില്‍ വെന്തു മരിക്കും മുന്‍പേ..,
ഓര്മ കയങ്ങളിലെ അഗാധ നീലിമയില്‍ മുങ്ങി മറയാന്‍....
അവസാനത്തെ മഴതുള്ളിയായ് ചിതറാന്‍..,
വരും വസന്തങ്ങളിലെ മറ്റൊരു പൂക്കാലമാകാന്‍ ,
പിന്നെ,
നിന്നില്‍ ഒടുങ്ങാന്‍..,
മറ്റൊരു വര്‍ഷ മേഘ ത്തിന്റെ പെയ്തൊഴിയാത്ത മാറാപ്പു മേന്തി 
ഇനി എന്‍റെ തീരുന്ന യാത്ര...

അവസാന മോഴിയോടെ ,
നിന്‍റെ മൌനങ്ങള്‍ക്ക് മേല്‍ ,
ഇനി വിട...

------------------------------------------------






.

Saturday, 26 May 2012

വഴികളില്‍ ....




------------------------------------------
മുന്‍പേ പടര്‍ന്നു പന്തലിച്ച 
മേല്ക്കൂരക്കിടയില്‍ നിന്നു 
മാറി നടന്ന എന്നേ 
ഉപദേശിച്ചു നന്നാക്കാനാവാതെ,
കണ്ണുരുട്ടി പേടിപ്പിക്കാന്‍ തുടങ്ങിയിരുന്നു തായ് വേരുകള്‍....

പുതുജീവന്‍ മണക്കുന്ന കാറ്റില്‍
രൂപം കൊള്ളുന്ന മണ്‍ കൂനകളുടെ
അടിവാരം മാന്തി അവര്‍പര്‍വ്വതങ്ങളുടെ ഉയരം കൂട്ടി..

ഞാന്‍ വഴി തെറ്റി വന്ന പാതയുടെ ഓരം പറ്റി,
പന്നീട് ആരൊക്കെയോ വന്നു..
തുടര്ച്ചകളുടെ വാതായനങ്ങള്‍ ...
തുറന്നടഞ്ഞു...

നോവിക്കാതെ മാറി കിടന്ന പുല്‍ നാമ്പുകളുടെ ,
വേരുകള്‍ കത്തിച്ചു അവര്‍ വഴി വെട്ടി.
ഞാന്‍ ഇടക്കെപ്പോഴോ ലോകമറിയാതെ വനം പൂകി..
പിന്നീടൊരിക്കല്‍ കേട്ടു ,
ഞാന്‍ അവരുടെ രക്ത സാക്ഷി...
ഇന്നും എന്‍റെ കുഞ്ഞുങ്ങള്‍
ഒരു മഴത്തുള്ളിയുടെ കനിവ് തേടി ,
ഞാന്‍ മറഞ്ഞ ആകാശ കീറുകളിലേക്ക്
തുറിച്ചു
നോക്കി
ഇരിക്കുന്നു ...

--------------------------------------