Tuesday 7 January 2014

പനിരാവുകള്‍.

പനിക്കിടക്കയിൽ ഞാൻ
കിരീടം നഷ്ടപ്പെട്ട
ചക്രവര്ത്തിയെപ്പോലെ
അസ്വസ്ഥമായ ചിന്തകളിലേക്ക് പടയോട്ടം
നടത്തിക്കൊണ്ടിരിക്കും...   
ജനാലക്കപ്പുറം നിർത്താതെ
മഞ്ഞു പെയ്യുമ്പോഴും 
ഉൾചൂടളക്ക്കുന്ന മാപിനിയോടു വല്ലാതെ
കലഹിച്ചുകൊണ്ടിരിക്കും..
അപ്പോഴേക്കും ഇടവിട്ട
നീർപ്പെയ്ത്തുകളിൽ 
ക്ഷീണിതയായ കണ്ണീര്‍ത്തടങ്ങളിൽ
ഇരുള്‍പ്പാമ്പുകൾ ഇഴഞ്ഞു കയറും...
കത്തുന്ന നോട്ടത്തിന്റെ
മുനമ്പുകളിലുടക്കി
മേല്ക്കൂര രണ്ടായി പിളരും..
അതിലൂടെ നക്ഷത്രമുല്ലകളുടെ
വേരിറങ്ങി വന്ന്‌ വരണ്ട
കവിൾത്തടങ്ങളിൽ
മിഴിനീരു തിരയും..
തളർന്ന കാഴ്ചകൾക്ക് മേലെ
ഇരുണ്ട വലയങ്ങളുടെ
ഒരു മൂടുപടം വന്നു വീഴും..
ഓരോ സ്പർശവും
നനവിന്റെയും വരൾച്ചയുടെയും രണ്ട്‌
വ്യത്യസ്ത സാമ്രാജ്യങ്ങൾ
നിർമിച്ച്‌  തരും..
ഇന്ദ്രിയങ്ങളൊക്കെയും 
അപരിചിതരെപ്പോലെ
നോവുകളുടെ നിലവിളിക്ക്‌
ചെവികൊടുക്കാതെ ഈ
ഒറ്റയാവലിന്റെ ചിത
നിറച്ചുകൊണ്ടിരിക്കും...
പിന്നീടെപ്പോഴാണ്  നീ
വരൾച്ചയുടെ നെറ്റിത്തടത്തിൽ ഒരു
മഴക്കാലം നനച്ചിട്ടത് ,
അതിനുശേഷമാണ് ഞാൻ
ആവലാതികളുടെ ഉപ്പിട്ട്
ഒരു പകൽ കുടിച്ചുതീർത്തതും
തണുത്ത മനസ്സ് നിറയെ
സ്നേഹം പുതച്ച്
കിടന്നുറങ്ങിയതും......