Sunday, 20 July 2014

ചോദിക്കപ്പെടാത്ത്ത ചില ചോദ്യങ്ങൾക്ക്

ജീവന്റെ കണികകളൊക്കെയും
അപ്രഖ്യാപിതമായ ഒരു
ഒളിപ്പോരിലാണെന്ന്
തിരിച്ചറിയുമ്പോൾ ,

ഹൃദയം, വേദനകൾ
കൊണ്ട് മാത്രം സംവദിക്കുന്ന
ഒരു കണ്ണാടിക്കൂട്ടിലേക്ക്
ഒരറ മാത്രമായി ചുരുങ്ങും..,

സ്വപ്നങ്ങളിലൊക്കെയും
വെയിൽച്ചീളുകൾ കൊണ്ട്
മുറിവേറ്റ ഓർമ്മകൾ
ചിതറിക്കിടക്കും...

കൈവിട്ടുപോവുന്ന
സമയത്തെക്കുറിച്ച് ഒരു ഘടികാരം പരാതിപ്പെട്ട്
മിടിച്ചുകൊണ്ടിരിക്കും...,

നിന്റെ കണ്ണുകളിലേക്ക്
തിരികെ വരാനാവില്ലെന്ന്
ഒരു പുഴ ഒഴുകിമറയും..

പൂത്തുലഞ്ഞു നിന്ന ഒരു
വസന്തത്തിനെ മഞ്ഞലകൾ
ഞെരിച്ചു കൊല്ലും...,

നിയന്ത്രണം വിട്ട വാക്കുകളെ
മുറിവേറ്റ ആത്മാവിനൊപ്പം
അപകടപ്പെടുത്താൻ
തീരുമാനിച്ച് ഞാൻ
നിശബ്ദതയിലേക്ക്
കൂപ്പുകുത്തും...

Saturday, 28 June 2014

the wishlist....
ഒരിക്കല്‍ മാത്രം തിരികെ പോവണം,
അന്നെവിടെയോ കണ്ണുകള്‍ മറന്നുവെച്ച്പോന്ന
വസന്തത്തിന്റെ നൂറുനിറങ്ങള്‍
ഹൃദയത്തില്‍ നിറച്ച്,
അത് ഒരു നിശ്വാസത്തില്‍ ചോര്‍ന്നു
പോവാതിരിക്കാന്‍ വേണ്ടി
മാത്രം പിന്നീടൊരിക്കലും കരയാതിരിക്കണം...

നീ പറഞ്ഞുകൊണ്ടിരുന്ന
രഹസ്യങ്ങളുടെ പാതി
തട്ടിപ്പറിച്ച അപ്പൂപ്പന്താടികളോട്
ഇനിയൊരിക്കലും കലഹിക്കില്ലെന്നു
പറയണം...

നമുക്ക് വേണ്ടി മാത്രം
പൂക്കുന്ന മരച്ചില്ലകളില്‍ കയറിയിരുന്ന്‌,
അരൂപികളെപ്പോലെ
നിന്റെ പ്രിയപ്പെട്ട പാട്ട് മൂളണം...

നിന്‍റെ കണ്ണുകളില്‍ നോക്കിയിരുന്ന
നീലരാവുകള്‍ക്കൊടുവില്‍
ഒന്നും പറയാതെ
തനിച്ചാക്കിപ്പോയതിന് മാപ്പ് ചോദിക്കണം...

എഴുതിത്തീരാത്ത എന്‍റെ
കവിതകളിലൊക്കെയും
നീ വിരഹം കുറിച്ച് വെച്ചത്
കണ്ടില്ലെന്നു നടിച്ചത് ഏറ്റുപറയണം...

നമ്മുടെതെന്ന് മാത്രം പേരുള്ള
കുറെ പാട്ടുകള്‍ക്ക്ചെവിയോര്‍ത്ത്
ഓര്‍മകളുടെ ചുഴിയില്‍
വീണു മരിക്കണം...

തനിച്ചായിപ്പോയ സ്വപ്നങ്ങളിലൊക്കെയും
നീ വരുമെന്ന്‍ കൊതിച്ചിരുന്നുവെന്ന്
ഒരിക്കലെങ്കിലും നിന്‍റെ
കണ്ണുകളോട് പറയണം...

ഇന്നും മഴവയലുകളുടെ
ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ നീ എന്റെ
കൈചേര്‍ത്തുപിടിക്കാറുണ്ടെന്നോര്‍ത്ത്
പുഞ്ചിരിക്കണം...

എല്ലാ വെളിച്ചങ്ങളും കെട്ടുപോയ
ഒരു നിറഞ്ഞ ആകാശംപെയ്തുതോരും വരെ
നീ കണ്ണീരൊഴുക്കിയിട്ടും
നിന്നിലേക്ക്‌ തിരികെ വരാനാവാത്ത
നാളെകളെയുപേക്ഷിച്ചു കടന്നുകളയണം....

ഇനിയൊരിക്കല്‍ മാത്രം
നിനക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്‍,
ഹൃദയം കൊണ്ട് പ്രണയിക്കാന്‍
മരണം കൊണ്ടെങ്കിലും
മറ്റൊരു ജന്മം കടം കൊള്ളണം.

Friday, 27 June 2014

ജീവിതാസക്തിയുടെ സ്നേഹത്തുടിപ്പുകൾ....

അലറി പെയ്യുന്ന
മഴയോടൊപ്പം ഒരു
ട്രാഫിക് ഐലൻഡിൽ
തനിച്ചായിപ്പോവുമ്പോൾ,
മഞ്ഞവെളിച്ചങ്ങളുടെ
വേഗത പടർത്തുന്ന
മരണാസക്തിയെക്കുറിച്ച്,

ഇരുണ്ട റെയിൽപ്പാളങ്ങൾക്ക്
കീഴെ തണുത്ത ജലപാളികളുടെ
ആഴങ്ങളിൽ നിന്ന് പതഞ്ഞുയരുന്ന
മരണവിളികളെക്കുറിച്ച് ,

സൂചിമുനകളിൽ ഓരോ വട്ടവും
പുളഞ്ഞു കയറുന്ന
ഒരു തുള്ളി രക്തം
കവിഞ്ഞൊഴുകുന്ന
മരണഭയത്തെക്കുറിച്ച്‌ ,

സ്വപ്നങ്ങളിലെ ഒരു
മഞ്ഞമന്ദാരം തണുത്തുറഞ്ഞ്
ഇല്ലാതാവുന്നത് പോലെ
ഓർമകളുടെ ഒരു വസന്തം
അകന്നു പോവുന്നതിനേക്കുറിച്ച്‌,

നിന്നോട് പുലമ്പാതിരിക്കുന്നത്,

ഇപ്പോഴും നിന്റെ കണ്ണുകളിലെ
ഭയം തറഞ്ഞു കയറുമ്പോൾ
നോവുന്നത്,
എന്റെ ജീവിതാസക്തിയുടെ
സ്നേഹത്തുടിപ്പുകൾക്കാണ്......

Tuesday, 7 January 2014

പനിരാവുകള്‍.

പനിക്കിടക്കയിൽ ഞാൻ
കിരീടം നഷ്ടപ്പെട്ട
ചക്രവര്ത്തിയെപ്പോലെ
അസ്വസ്ഥമായ ചിന്തകളിലേക്ക് പടയോട്ടം
നടത്തിക്കൊണ്ടിരിക്കും...   
ജനാലക്കപ്പുറം നിർത്താതെ
മഞ്ഞു പെയ്യുമ്പോഴും 
ഉൾചൂടളക്ക്കുന്ന മാപിനിയോടു വല്ലാതെ
കലഹിച്ചുകൊണ്ടിരിക്കും..
അപ്പോഴേക്കും ഇടവിട്ട
നീർപ്പെയ്ത്തുകളിൽ 
ക്ഷീണിതയായ കണ്ണീര്‍ത്തടങ്ങളിൽ
ഇരുള്‍പ്പാമ്പുകൾ ഇഴഞ്ഞു കയറും...
കത്തുന്ന നോട്ടത്തിന്റെ
മുനമ്പുകളിലുടക്കി
മേല്ക്കൂര രണ്ടായി പിളരും..
അതിലൂടെ നക്ഷത്രമുല്ലകളുടെ
വേരിറങ്ങി വന്ന്‌ വരണ്ട
കവിൾത്തടങ്ങളിൽ
മിഴിനീരു തിരയും..
തളർന്ന കാഴ്ചകൾക്ക് മേലെ
ഇരുണ്ട വലയങ്ങളുടെ
ഒരു മൂടുപടം വന്നു വീഴും..
ഓരോ സ്പർശവും
നനവിന്റെയും വരൾച്ചയുടെയും രണ്ട്‌
വ്യത്യസ്ത സാമ്രാജ്യങ്ങൾ
നിർമിച്ച്‌  തരും..
ഇന്ദ്രിയങ്ങളൊക്കെയും 
അപരിചിതരെപ്പോലെ
നോവുകളുടെ നിലവിളിക്ക്‌
ചെവികൊടുക്കാതെ ഈ
ഒറ്റയാവലിന്റെ ചിത
നിറച്ചുകൊണ്ടിരിക്കും...
പിന്നീടെപ്പോഴാണ്  നീ
വരൾച്ചയുടെ നെറ്റിത്തടത്തിൽ ഒരു
മഴക്കാലം നനച്ചിട്ടത് ,
അതിനുശേഷമാണ് ഞാൻ
ആവലാതികളുടെ ഉപ്പിട്ട്
ഒരു പകൽ കുടിച്ചുതീർത്തതും
തണുത്ത മനസ്സ് നിറയെ
സ്നേഹം പുതച്ച്
കിടന്നുറങ്ങിയതും......