Sunday, 23 December 2012

ഡിസംബര്‍....
ഡിസംബര്‍....


ഡിസംബര്‍...
നമ്മള്‍ എന്നോ സ്നേഹിതരാണ്...
ഓര്‍മകളില്‍ ഒരു നനുത്ത
തണുപ്പ് നല്‍കി,
കഴിഞ്ഞ രാവിന്‍റെ നേര്‍ത്ത
സ്വപ്നങ്ങളുടെ മങ്ങിയ വെളിച്ചത്തില്‍,
മഞ്ഞ് പെയ്ത്‌...
ഹൃദയം നിറക്കുന്ന ഒരു സുഗന്ധം..

ചുവന്നു തുടുത്ത തളിരിലകള്‍
നീര്‍ത്തിയ ആല്‍ച്ചുവട്ടില്‍,
അറിയാതെ വിരല്‍തുമ്പില്‍
പതിഞ്ഞ മഞ്ഞുതുള്ളിയുടെ നോവ്‌...

ആഘോഷരാവുകളുടെ മാറില്‍
ആരുമറിയാതെ പൊഴിഞ്ഞ
കണ്ണീരിന്‍റെ നനവ്‌....

ഡിസംബര്‍....
നമ്മള്‍ എന്നോ ഹൃദയത്തില്‍
ഒരേ ദുഃഖം പേറുന്നവരാണ്...,
ജീവിതം വീണ്ടും അര്‍ത്ഥമില്ലാത്ത
നിഴലാട്ടങ്ങള്‍ക്കൊടുവില്‍
പുതുവര്‍ഷം തേടുമ്പോള്‍ ,
പകച്ചുനില്‍ക്കുന്ന ഞാനും...
പെയ്തുതീരാത്ത കുളിരിന്റെ
മൂടുപടത്തില്‍ മുഖം ചേര്‍ത്ത്
വിതുമ്പുന്ന നീയും...

ഡിസംബര്‍....
നമ്മള്‍ എന്നോ സ്നേഹിതരാണ്..,
പുല്‍നാമ്പുകളില്‍ മഴവില്ലു
പേറുന്ന ഒരുതുള്ളി നീര്‍ പെയ്ത്‌
നീ പുഞ്ചിരിക്കുമ്പോള്‍,
എനിക്കു ചുറ്റും ഒരു വര്‍ണലോകം
അഗ്നിച്ചിറകുകളില്‍ സ്നേഹം
കാട്ടി കൊതിപ്പിച്ചു...

ഡിസംബര്‍....
നമ്മള്‍ സ്വപ്ന്ഭംഗങ്ങളില്‍
ഒരുപോലെ വേദനിക്കുന്നവര്‍,
ഒരു നിമിഷം.....
ജീവിതം ഒരു മരവിപ്പില്‍ നിലനില്‍ക്കാന്‍
നീയും കൊതിച്ചിട്ടില്ലേ???
ദുഖങ്ങളുടെ ഒരു ഇരുണ്ട
വേനലിലേക്ക് ഇനി
വളരെണ്ടെന്നു ഞാനും നിനച്ചു...

എന്നിട്ടും..
നിറങ്ങളൊഴിഞ്ഞ് വിറങ്ങലിച്ചു
നീ പിരിഞ്ഞു പോകയാണല്ലോ...
എന്നെ തനിച്ചാക്കി.,

ഡിസംബര്‍...
നമ്മള്‍ എന്നും സ്നേഹിതരാണ്...

Saturday, 22 December 2012ഇനി ജീവന്‍ വെടിയുന്ന ഒരു പിടച്ചില്‍..,
ഹൃദയം നുറുങ്ങുന്ന ഒരു മിടിപ്പ്‌..,
മങ്ങിയ നേര്‍വരകളുടെ ഒരു കാഴ്ച ..,
അവസാന ശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പ്..,
ശ്വാസനാളിയിലൊളിപ്പിച്ച ഒരു വാക്ക്...

ഇനിയെനിക്ക് മടങ്ങാം..
കേള്‍വി മാത്രമുള്ള നമ്മുടെ
നഷ്ടസ്വര്‍ഗങ്ങളിലെക്ക്...
സ്വപ്നങ്ങളില്‍ നീ വരച്ചുകാട്ടിയ
മഞ്ഞവെയില്‍പ്പാടങ്ങളിലേക്ക്..
കണ്ണീരു വറ്റിയ ഇളം നീല നിഴലുള്ള
കടല്‍ത്തീരത്ത്..
ജീവിതഭാരങ്ങളുടെ ഇടവേളകളില്ലാതെ
നമുക്ക് പ്രണയിക്കാം..
ഒടുവില്‍ നമുക്ക് മുന്നില്‍
സ്വപ്നങ്ങളുടെ ഒരു നിറച്ചാര്‍ത്ത്..
ചുറ്റും കുളിരുന്ന ജീവാഗ്നി..

നമ്മള്‍.......... 
ഒരേ താളം പേറുന്ന
രണ്ടാത്മാക്കള്‍....
എന്നില്‍ നീയും..
നിന്നില്‍ ഞാനും...
ഇത് മരണമോ പുനര്‍ജനിയോ???

Thursday, 25 October 2012


ജീര്‍ണതകള്‍.....
നമുക്കിടയില്‍ നോവ്....
ഹൃദയം നുറുങ്ങുന്ന ദുഃഖം....
നീ...എന്റെ മുന്നില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു..;
എന്റെ വിരല്‍ത്തുമ്പില്‍ നിന്നും
ഒരു ജന്മം അകലെ..
കാഴ്ച മറയ്ക്കുന്ന ജനല്‍കമ്പികള്‍...
നിന്നിലേക്ക്‌ മിഴി പൂട്ടാന്‍
വെമ്പുന്ന മനസും..
ഞാന്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ
വേരുകള്‍ തിരയുന്നു..
ഞാനെന്തിനു നിന്നെ കൊതിച്ചു???

അതെ നീ ആകാശചാരിയാണ്..;
നിമിഷാര്‍ധങ്ങളില്‍ ഒരു
മിന്നല്‍പ്പിണര്‍ പോലെ എന്റെ
ആകാശത്ത് ഒരു മഴവില്ല്
തീര്‍ത്തു പോയ്മറയുന്ന അമാനുഷികത!!!!

ഞാന്‍.. മണ്ണോടു ചേരേണ്ട വെറുമൊരു
പുല്‍ക്കൊടി...
എന്നിട്ടും ദേവസങ്കല്‍പ്പങ്ങളില്‍ നിന്നും
വഴിമാറി നിന്നിലെ സുക്ഷ്മവികാരങ്ങള്‍
പോലും എന്റെ ഉറക്കം കെടുത്തുന്നു...

നീയാര്???? എന്റെ കണ്കോണുകളെന്തിന്
ഞാന്‍ പോലുമറിയാതെ നിന്നെ
തിരയുന്നു????.......

Friday, 24 August 2012

ഒരു നാള്‍വഴിക്കുറിപ്പ്


കഴിഞ്ഞ നാള്‍വഴികളില്‍ എന്റെവാക്കുകള്‍ക്ക് , ചുവന്ന നിറമായിരുന്നു...ഒരു സിര എപ്പോഴും നിനക്കായിരക്തം ചൊരിയാന്‍ എന്‍റെകൈത്തണ്ടയില്‍ തുടിച്ചു നിന്നിരുന്നു..നിന്റെ കണ്‍കോണുകളിലെ നനവുംനൈരാശ്യവും എന്‍റെ വേദനയായിരുന്നു..നീ, എന്‍റെ ഏറ്റവും മൂര്‍ത്തമായഉന്മാദമായിരുന്നു....        എന്നിലുതിര്‍ന്ന അഗ്നി നീയായിരുന്നു..മനസ്സിന്റെ വേഗത നിന്റെആകാശത്തിലൊളിക്കാനായിരുന്നു.എന്‍റെ വികാരങ്ങള്‍ പെയ്തൊഴിഞ്ഞതുംനിന്റെ മൂടുപടത്തിന്റെ മഴവില്‍നിറങ്ങള്‍ കാണാനായിരുന്നു..ഒടുവില്‍ നീ പിന്നില്‍ വെടിഞ്ഞുനടന്നകന്നപ്പോള്‍ ഉള്ളില്‍അണയാതെ കത്തുന്ന തീനാളമില്ല;ഹൃദയം നുറുങ്ങുന്ന കടുംനീല നിറമുള്ള തണുപ്പ് മാത്രം..വാക്കുകള്‍ക്ക് കൂര്‍ത്ത പകയുംനൈരാശ്യവും...വിരല്‍ത്തുമ്പില്‍ മൌനം കനത്തഹൃദയഭാരവും..

Friday, 13 July 2012വാരാന്ത്യത്തിലെ മനം മടുപ്പിക്കുന്ന
കിതപ്പിലേക്ക് വീണ്ടും ഒരു
മഴ പുലമ്പുന്നു....
നീ; ഇരുള്‍ വീണ ജീവിതത്തിന്റെ
ആദ്യ ഏടുകളില്‍ ഒളിച്ചു ...
ചികഞ്ഞെടുക്കാന്‍ വയ്യ,
മുറിവേറ്റ കണ്ണാടിയുടെ
ലക്ഷണം കെട്ട പാതി പോലെ
മനസ്സിന്‍റെ പുറമ്പോക്കില്‍
ആകാശം നോക്കി കിടക്കുന്നു
നിന്‍റെ ഓര്‍മ്മകള്‍.....
പലവട്ടം സ്വയം വിലക്കിയിട്ടും;
ഞാന്‍ അത് തിരഞ്ഞു
തക്കൊല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍
തപസ്സിരിക്കുന്നു....
ഞാനെങ്ങനെ നിന്നെ മറക്കാന്‍....
തിങ്കളാഴ്ചകളുടെ കനത്ത
വിരസതയിലേക്ക് വീണ്ടും
കാല്‍തെറ്റി വീഴുമ്പോള്‍,
നീ എന്റെ വേദനകളിലലിഞ്ഞില്ലതായി,
കാണാമറയത്തിരുന്നു
പുഞ്ചിരിക്കുന്നു...
നിന്‍റെ പരിചിത ഗന്ധത്തിന്റെ
സാന്ത്വനത്തില്‍ ഞാന്‍
ജീവിതം കൊതിക്കുന്നു;
ഒരുപക്ഷെ നീ മറഞ്ഞ
മരണത്തെക്കാള്‍ ഏറെ....

Thursday, 12 July 2012കണ്ണുകളിലെ നനവ്‌.......... നീ തിരയുന്ന വിഷാദഭാവം...ഞാന്‍ പിന്തിരിഞ്ഞു നടന്ന വഴികളില്‍ പടരുന്ന മൂകത..ഇരുട്ട് നിറയുന്ന സന്ധ്യയും..ഞാന്‍ നഷ്ടപ്പെട്ട വികാരങ്ങളുടെ നിഴല്‍പ്പാട് തിരയുന്നു.സ്വപ്നങ്ങളിലെ ഇരുട്ട് വ്യഘ്യാനിക്കനാവാതെ പരന്നോഴുകുന്നു...

                  വിരക്തി അതിന്‍റെ മൂര്‍ത്തഭാവങ്ങളില്‍ എന്റെ ചിന്തകളില്‍ വരയുന്നു.ഒഴുകിപ്പോയ രക്തത്തെ പരിഹസിച്ച് വിളറിവെളുത്ത ശരീരം..കാലടികളില്‍ കുത്തിനോവിച്ച മണ്‍തരികളുടെ അവകാശം തിരയുന്ന എന്റെ ഓര്‍മകളും...നീ നഷ്ടസ്വപ്നങ്ങളില്‍ ഒളിക്കുന്നു..ഞാനിനിയും തിരിച്ചറിവ് നേടാത്ത പൈതലായി നിന്റെ കണ്കോണിലൊളിക്കട്ടെ...നിന്റെ വാക്കുകളുടെ ശ്രുതിയിലലിയട്ടെ...
                        
                  നീയെന്നും എന്റെ നോവുകളുടെ ഭാരം പേറിയിരുന്നു...എന്റെ വിരല്ത്തുമ്പിലെ പഴകി ദ്രവിച്ച തൂലികയില്‍ ഉതിര്‍ന്നതും നീയായിരുന്നു...നിന്റെ ഗന്ധത്തിന്റെ ഗൂഡമായ ശേഷിപ്പുകള്‍ എന്റെ നഷ്ടബോധത്തിന്റെ വേദന ആഴത്തില്‍ ഉണര്‍ത്തുന്നു...

                   എന്റെ അപൂര്‍ണമായ നിഴല്‍ പോലെ നീയെന്നെ പിന്തുടരുന്നു..എന്‍റെ രക്തത്തിന്റെ ആഴങ്ങളില്‍ പുനര്‍ജനി തേടുന്നു..

Wednesday, 4 July 2012

നമ്മള്‍ ഒന്നിച്ചു നടന്ന
വഴിയോരങ്ങളില്‍ ഇന്നും
ഒരു മഴനൂലിന്റെ സ്പര്‍ശം ഏറ്റു
തൊട്ടാവാടികള്‍ മിഴിപൂട്ടി
ഉറങ്ങുന്നുണ്ടാവും...


ചുവന്ന സന്ധ്യകളില്‍
നമ്മുടെ നീലത്തടാകത്തില്‍
തുമ്പികള്‍ പാറിപ്പറക്കുന്നുണ്ടാവും..

ഈറന്‍ പ്രഭാതങ്ങളില്‍
ഹൃദയം വിങ്ങുന്ന ഗന്ധം നിറച്ചു
ഏഴിലംപാലകള്‍
പുഷ്പശയയ ഒരുക്കുന്നുണ്ടാവും...

വയല്വരംബുകളില്‍ തണുത്ത
കാറ്റിനെ തോല്പിച്ച്
ഒരു മഴ നിര്‍ത്താതെ
പെയ്യുന്നുണ്ടാവും..

പിന്തുടരുന്ന കൈത്തലം
കൊതിച്ച് അപ്പൂപ്പന്‍താടികള്‍
ആകാശം തിരയുന്നുണ്ടാവും...

വിടപറയാതെ പെയ്തൊഴിഞ്ഞ
മഴയുടെ ഓര്‍മയില്‍ ഒരു മരം
വേദനിച്ച് പെയ്യുന്നുണ്ടാവും...

ഒരു നോട്ടത്തിന്റെ ഓര്‍മയില്‍
മന്ദാരപ്പൂക്കള്‍ നാണിച്ചു
തലതാഴ്ത്ത്തുന്നുണ്ടാവും...

കടന്നുപോയ കല്പ്പാടുകളില്‍
തഴുകി വീണ്ടും ഒരു
പുഴ തേങ്ങുന്നുണ്ടാവും...

പക്ഷെ; എന്റെയും
നിന്‍റെയും ഉള്ളില്‍
ബാല്യം തിരയുന്ന
ഒരു മൌനം മാത്രം
വിതുമ്പി നില്‍ക്കുന്നു..

മായാത്ത മുറിവുകളുടെ
ശവകുടീരത്തില്‍ സ്വപ്‌നങ്ങള്‍
പെയ്തു നിറഞ്ഞ്‌,
ഓര്‍മപ്പൂക്കളുടെ കണ്ണീരു
കഴുകിതുടക്കാന്‍
വെമ്പി നില്‍ക്കുന്ന ഒരു മഴയുടെ
വാചാലമായ മൌനം....

Friday, 22 June 2012

VARNABHEDANGAL......


വര്‍ണഭേദങ്ങള്‍....


വേനല്‍ മരങ്ങള്‍ക്ക്
രണ്ടു നിറമുണ്ട്
നിറം വറ്റിയ കറുപ്പും
വെയില്‍ കുടിക്കുന്ന
തവിട്ടും.....
ഉതിര്‍ന്നു വീണ
ഇലകള്‍ക്കും രണ്ടു
നിറമുണ്ട്.
ഉണങ്ങിയ ഞരമ്പുകള്‍ക്കിടയില്‍
പൊടിഞ്ഞു
മണ്ണാകുന്ന കറുപ്പും
പച്ചപ്പിന്റെ യൌവനം മറന്നു
ജരപിടിച്ച തവിട്ടും...
അലറി വീശുന്ന കാറ്റിനും
രണ്ടു നിറമുണ്ട്,
മേഘപാളികളുടെ ദുഃഖം
പകുത്തെടുത്ത കറുപ്പും
വരണ്ട മണ്ണിന്റെ രോഷം
കലര്‍ന്ന തവിട്ടും....
എനിക്കും ഒടുവില്‍ രണ്ടു
നിറമായിരുന്നു,
കറപിടിച്ച മനസ്സിന്റെ കറുപ്പും
വെയിലേറ്റു മങ്ങിയ
ഓര്‍മകളുടെ തവിട്ടും...

Friday, 1 June 2012

ജീവിതത്തിനും മരണത്തിനുമിടയില്‍ .,
----------------------------------------
ജനിക്കുന്നൊരു നിമിഷം,
ലോകം വെടിയാന്‍ 
ഇനിയൊരു നിമിഷാര്‍ദ്ധം.,
ഇടയില്‍.,
ഒരായിരം അവകാശികളും.


അതിനിടയിലെപ്പോഴും
മഴയ്ക്ക് പെയ്യാം,
വേനലിന് വേവാം..,
മഞ്ഞിന് കുളിരാം.

എന്നാല്‍,
മാറുന്ന മുഖം മൂടികളുടെ
വര്‍ണ്ണങ്ങള്‍
ഇവിടെ അവസാനിക്കുന്നില്ല.


മനസ്സ് കിനിയുന്ന നോവ്‌-
പേര് ജീവിതം..
ചില നേരം അലിഞ്ഞു തീരാതെ...
പെയ്യാന്‍ മറന്നു.,
വേനലില്‍ ദാഹിക്കുന്ന
മീന ചൂട്.

നാമിന്നു ഒരു വാക്കാണ്‌,
ഓര്‍മയാണ്,
ഒരു സ്പര്‍ശമാണ്
ഒരു ചുംബനത്തില്‍
തീരുന്ന സ്വപ്നമാണ്.,
വാക്കുകളിലെ അഭയവും.

നാമിന്നു നാമാണ്...
അല്ല ,
ജീവിതമാണ്..

--------------------------------------------------- 

.

Thursday, 31 May 2012

നിന്നില്‍ പെയ്യുന്നത്..


---------------------------------------
നിലക്കാതെ അലറിപെയ്തു
മരിച്ചു പോയൊരു 
മഴയുടെ ഓര്മയില്‍ ,

ജനല്പ്പാളികളില്‍ തട്ടി വിളിച്ച 
ഒരു തണുത്ത നോവിന്റെ 
സീല്‍ക്കാരം തന്ന കാറ്റിന്റെ സ്വരങ്ങളില്‍,

വേര്‍തിരിച്ചറിയുവാനാവാത്ത നോവിന്റെ 
ചിത്രങ്ങളില്‍ ,നീയെന്റെ 
ബോധതലത്തില്‍ 
ഒരു കൂരിരുട്ടായ് 
ഇന്നും പടരുന്നു..

ഓര്‍മകള്‍ക്ക് 
നിറം വറ്റിയ കാഴ്ചകളിലെ 
അവ്യക്തത..

ഓര്‍മ്മകള്‍ക്കിപ്പുറം,
ഈ പുക കാഴ്ചയില്‍ 
അലിഞ്ഞു, ഇനി ഞാന്‍ പിന്‍ വാങ്ങട്ടെ...

പാതി പെയ്ത ചിന്തകളില്‍,
ഒന്നും പൂര്‍ത്തിയാക്കാതെ .,
ഒരു അര്‍ദ്ധ വിരാമത്തിന്റെ 
നിസ്സഹായതയില്‍ ,തണുത്ത് മരവിക്കാന്‍..,

ഒരു വേനല്‍ മഴതുള്ളിയില്‍ നിന്‍റെ 
ആദ്യ ചുംബനമായി നിറയാന്‍..
ഒരു ഹിമകണം പോലെ അലിയാന്‍, 
വേര്പിരിഞ്ഞവരുടെ 
കണ്ണിലെ കനലില്‍ വെന്തു മരിക്കും മുന്‍പേ..,
ഓര്മ കയങ്ങളിലെ അഗാധ നീലിമയില്‍ മുങ്ങി മറയാന്‍....
അവസാനത്തെ മഴതുള്ളിയായ് ചിതറാന്‍..,
വരും വസന്തങ്ങളിലെ മറ്റൊരു പൂക്കാലമാകാന്‍ ,
പിന്നെ,
നിന്നില്‍ ഒടുങ്ങാന്‍..,
മറ്റൊരു വര്‍ഷ മേഘ ത്തിന്റെ പെയ്തൊഴിയാത്ത മാറാപ്പു മേന്തി 
ഇനി എന്‍റെ തീരുന്ന യാത്ര...

അവസാന മോഴിയോടെ ,
നിന്‍റെ മൌനങ്ങള്‍ക്ക് മേല്‍ ,
ഇനി വിട...

------------------------------------------------


.

Saturday, 26 May 2012

വഴികളില്‍ ....
------------------------------------------
മുന്‍പേ പടര്‍ന്നു പന്തലിച്ച 
മേല്ക്കൂരക്കിടയില്‍ നിന്നു 
മാറി നടന്ന എന്നേ 
ഉപദേശിച്ചു നന്നാക്കാനാവാതെ,
കണ്ണുരുട്ടി പേടിപ്പിക്കാന്‍ തുടങ്ങിയിരുന്നു തായ് വേരുകള്‍....

പുതുജീവന്‍ മണക്കുന്ന കാറ്റില്‍
രൂപം കൊള്ളുന്ന മണ്‍ കൂനകളുടെ
അടിവാരം മാന്തി അവര്‍പര്‍വ്വതങ്ങളുടെ ഉയരം കൂട്ടി..

ഞാന്‍ വഴി തെറ്റി വന്ന പാതയുടെ ഓരം പറ്റി,
പന്നീട് ആരൊക്കെയോ വന്നു..
തുടര്ച്ചകളുടെ വാതായനങ്ങള്‍ ...
തുറന്നടഞ്ഞു...

നോവിക്കാതെ മാറി കിടന്ന പുല്‍ നാമ്പുകളുടെ ,
വേരുകള്‍ കത്തിച്ചു അവര്‍ വഴി വെട്ടി.
ഞാന്‍ ഇടക്കെപ്പോഴോ ലോകമറിയാതെ വനം പൂകി..
പിന്നീടൊരിക്കല്‍ കേട്ടു ,
ഞാന്‍ അവരുടെ രക്ത സാക്ഷി...
ഇന്നും എന്‍റെ കുഞ്ഞുങ്ങള്‍
ഒരു മഴത്തുള്ളിയുടെ കനിവ് തേടി ,
ഞാന്‍ മറഞ്ഞ ആകാശ കീറുകളിലേക്ക്
തുറിച്ചു
നോക്കി
ഇരിക്കുന്നു ...

--------------------------------------