Monday 21 January 2013

സ്ത്രൈണം


kuhs north zone arts fest ല്‍ ഒന്നാം സ്ഥാനം നേടിയ കവിത..]
സ്ത്രൈണം 
നീ സ്ത്രീയാണ്......
ഗര്‍ഭപാത്രത്തിന്റെ ഒരുക്കുകൂട്ടലുകള്‍ക്കൊടുവില്‍ 
തിടുക്കപ്പെട്ട് ഒരു നീണ്ടമുറിവിലൂടെ 
നീ പുറത്ത് വന്നപ്പോഴേക്കും,
ചിന്തയിലും നാവിലും അത് 
കൊത്തിവെക്കാന്‍ വെമ്പുന്ന ഒരു സമൂഹം 
പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.
നിനക്ക് മുന്‍പേ നിന്റെ 'സ്ത്രൈണത' 
പുറംലോകം തിരിച്ചറിഞ്ഞപ്പോള്‍,
സംഘര്‍ഷഭരിതമായ നിന്റെ പിറവിയിലേക്കു 
കണ്ണുനിറച്ചു കാത്തിരുന്ന ഒരു ഹൃദയമാണ് 
നിന്നെ ചുമന്നിരുന്നത്.
നിനച്ചിരിക്കാതെ പെയ്ത പേമാരിയില്‍ 
കൗമാരത്തിന്‍റെ ജ്വാലകളണഞ്ഞ്‌,
മാതൃത്വത്തിന്റെ ഒരുകുടം കണ്ണീര്‍ 
നെഞ്ചിലേറ്റിയ ഒരു കുരുന്നു ഹൃദയം...


നീ സ്ത്രീയാണ്....
വിടര്‍ന്ന കണ്ണുകളില്‍ നീ കണ്ട 
വര്‍ണലോകത്തിനിപ്പുറം ചാരനിറമുള്ള 
കഴുകന്മാര്‍ പറക്കുന്നുണ്ടെന്നു 
തിരിച്ചറിയാനാവാത്ത ദൈന്യത..
മടിയിലിരുത്തി ലാളിച്ച വാത്സല്യത്തിന്റെ 
മൂടുപടം മായുമ്പോള്‍ മംസക്കൊതിപൂണ്ട്‌ 
തൊണ്ടവേവുന്ന പരുക്കന്‍ വിരലുകള്‍ 
കാണാനാവാത്ത നിഷ്ക്കളങ്കത..


നീ സ്ത്രീയാണ്.....
വിവേചനങ്ങളുടെ  ബാലപാഠങ്ങള്‍ 
കരളിലുറയ്ക്കും  മുന്‍പേ,
കൈചേര്‍ത്തു പിടിച്ച കൂട്ടുകാരന്റെ 
ശാഠയങ്ങള്‍ക്ക്  വഴങ്ങിയ ബാല്യം,
പരീക്ഷണങ്ങളുടെ നെറികെട്ട 
മത്സരങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നപ്പോള്‍ 
അക്ഷരങ്ങള്‍ കാട്ടിക്കൊതിപ്പിച്ച്,
കൂരിരുട്ടില്‍ തന്നിലേക്ക് പടര്‍ന്നുകയറിയ 
അധ്യാപകനെ വിലക്കനാവാതെ -
പോയ നിസ്സഹായത...


നീ സ്ത്രീയാണ്.....
ജീവിതയാത്രയുടെ വേഗംകൂട്ടിയ 
ഇടത്താവളങ്ങളില്‍,
നീണ്ടു വരുന്ന വിരലുകളോടും 
മാംസംതുളക്കുന്ന കണ്ണുകളോടും 
പോരാടാനാവാതെ ചക്രങ്ങള്‍ക്കിടയില്‍ 
ചതഞ്ഞരഞ്ഞില്ലാതായവള്‍.
യൗവനത്തിന്റെ ഋതുഭേദങ്ങളില്‍ 
കാമുകന്‍റെ വിറപൂണ്ട കൈവിരലുകളിലേക്ക് 
സ്വയം ഇറങ്ങിച്ചെന്നവള്‍ .
ഇരുട്ട് പടരുന്ന വഴികളില്‍ 
പിന്തുടരുന്ന കണ്ണുകളിലെ മൃഗീയത 
കണ്ടില്ലെന്നു നടിച്ച് കാല്‍ക്കീഴിലെ 
രക്തം പുരണ്ട മണ്ണിനൊപ്പം 
കൂരിരുട്ടിലേക്ക് ഒലിച്ചുപോയവള്‍.


നീ സ്ത്രീയാണ്....
സൈബര്‍വലകളില്‍ കുടുങ്ങി 
തലമാറ്റങ്ങളുടെ വിലക്കയറ്റത്തിനൊപ്പം 
ഞരമ്പുരോഗികളുടെ രോമകൂപങ്ങളില്‍ 
നീരു പകരാന്‍ വിധിക്കപ്പെട്ടവള്‍.
കൂടെയുറങ്ങാനും പെറ്റുനിറയാനും മാത്രം 
മരണക്കയറിനു കഴുത്തുനീട്ടിയവള്‍.
ഒരേ ഗര്‍ഭപാത്രത്തിലുറങ്ങിയവന്റെ 
കാമവെറിയുടെ കിതപ്പുകള്‍ മാറ്റി
മൃതിയടഞ്ഞവള്‍.


നീ സ്ത്രീയാണ്....
പെണ്ണെഴുത്തിന്റെ തുറന്നുപറച്ചിലുകളെ 
കീറിമുറിച്ച പുരുഷതൂലികകള്‍ക്കു 
മുന്നില്‍ ആത്മഹത്യ ചെയ്തവള്‍.
കരിപിടിച്ച മേല്ക്കൂരക്കുപുറത്ത് നിനക്ക് 
സ്ഥാനമില്ലെന്നു കല്‍പ്പിച്ച വെള്ളമുണ്ടുകള്‍ക്ക് 
അടിമയായവള്‍.
സ്വപ്നങ്ങളുടെ താക്കോല്‍ തിരഞ്ഞ് 
തിളയ്ക്കുന്ന ജീവിതത്തിലേക്ക് 
ഊളിയിട്ടവള്‍..


നീ സ്ത്രീയാണ്.....
നീയെന്തുകൊണ്ട്‌ ഇരപിടിയന്മാരുടെ 
കാല്‌ച്ചുവട്ടിലെ അനേകം ജന്മങ്ങളില്‍ -
നിന്ന് വഴിമാറി മറ്റൊരു പിറവിയെടുക്കുന്നില്ല;
ദുരിതങ്ങളുടെ ഒരു മഴക്കാലത്തിനിപ്പുറം 
സ്നേഹം പെയ്തു നിറയാന്‍...
വിഷജന്മങ്ങളെ നിന്റെ കണ്ണുകളിലെ 
ഗ്രീഷ്മജ്വാലയില്‍ ചാമ്പലാക്കാന്‍..
നോവുകളുടെ വിറങ്ങലിപ്പുകള്‍ മറന്ന് 
പ്രണയത്തിന്‍റെ നിലാവലയാകാന്‍.....


ഇനി നീ മണ്ണില്‍ കുരുക്കുക സ്ത്രീയായി......
അതേ നീ സ്ത്രീയാണ്.....


 - ദിവ്യ.സി.എസ്  

Tuesday 15 January 2013

ഓര്‍മകളെ എനിക്കു ഭയമാണ്..




ഓര്‍മ്മകളെ ഞാന്‍ ഭയപ്പെട്ടിരുന്നു..
പാതിവഴിയിലുപേക്ഷിക്കപ്പെട്ട 
ഡയറിയുടെ താളുകളില്‍ നിന്ന് 
കഴിഞ്ഞ കാലത്തിന്‍റെ പ്രേതം 
എന്‍റെ ചിന്തകളില്‍ ആവേശിക്കുമെന്ന 
അതിയായ ഭയം...

എങ്കിലും നിന്നോടുള്ള പ്രണയം മാത്രം 
ഇന്നലെകളില്‍ നിന്ന് ഇന്നിലേക്ക്‌ 
പുനര്‍ജനിക്കണമെന്ന് 
മോഹിച്ചു സ്വയമുരുകി...

ചില ഓര്‍മ്മകള്‍,
നീല ശംഖുപുഷ്പങ്ങള്‍ പോലെ 
സങ്കീര്‍ണമായ രൂപഭംഗി 
കാട്ടി കൊതിപ്പിച്ചു...
വീണ്ടും ഭൂതകാലത്തിന്റെ
ബീജം എന്നെ നോക്കി 
പരിഹസിച്ചു....

മറ്റുചിലത് അനുവാദം 
ചോദിക്കാതെ വന്നു കയറിയ 
ഒരു മഴക്കാലം പോലെ 
നിമിഷാര്‍ധങ്ങളെ വീശിത്തണുപ്പിച്ച്,
അടുത്ത വേനലിന്റെ 
പടി കടന്നു പോയി.....

ഓര്‍മ്മകളുടെ തുരുത്തുകളില്‍ 
ജീവിക്കാന്‍ പഠിപ്പിച്ച ചില 
വേദനകളുണ്ട്,
അവ എന്നും സ്വപ്നങ്ങളില്‍ 
ചുവന്ന കണ്ണുകള്‍ കാട്ടി 
ഭയപ്പെടുത്തിയിരുന്നു....

ഓര്‍മ്മകളെ ഞാന്‍ ഭയപ്പെടുന്നു...
ജീവിതങ്ങളെ ചേര്‍ത്തുവെച്ച് 
കടപ്പാടുകളുടെ നെഞ്ഞിടിപ്പു തന്നത് 
നരച്ചു തുടങ്ങിയ ഓര്‍മ്മകളാണ്...

അസ്ഥിത്വം നഷ്ടപ്പെട്ട കര്‍മപഥങ്ങളില്‍  
ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു തന്ന 
ചില മുഖങ്ങള്‍ വന്നു കൈകോര്‍ത്തു പിടിച്ചു....

ഒടുവില്‍ ആറടി മണ്ണിന്‍റെ 
ആഴങ്ങളിലൊടുങ്ങുമ്പോഴും 
വേദനയുടെ ഒരിറ്റു കണ്ണീരു പൊഴിക്കാന്‍ 
നിന്നില്‍ ഞാന്‍ ബാക്കി വെച്ചത്,
ഈറന്‍ വറ്റിയ ഓര്‍മ്മകള്‍ മാത്രമാണല്ലോ.....

ക്ഷമിക്കുക....

ഓര്‍മകളെ എനിക്കു ഭയമാണ്.....
 

                        -ദിവ്യ.സി.എസ്      


                               

Monday 14 January 2013

കൈവിട്ടു പോവുന്ന ചിലത് ..

കൈവിട്ടു പോവുന്ന ചിലത് 
എന്നെ ഭയപ്പെടുത്തുന്നുണ്ട്..
അദൃശ്യതരംഗങ്ങളില്‍ കോര്‍ത്ത 
ജീവിതങ്ങള്‍ എന്നില്‍ ആരംഭിക്കുന്നു..
അവ സഞ്ചാരമദ്ധ്യേ എവിടെയും 
തമ്മില്‍ക്കലരാതെ ,
വികാരത്തള്ളിച്ചകളില്‍ 
മുറിവേറ്റു വഴിയിലൊടുങ്ങാതെ 
സമാന്തരരേഖകളായി എന്നില്‍ത്തന്നെ 
അവസാനിക്കണമെന്നു ഞാന്‍ കൊതിച്ചു.
ഇത് എന്റെ വ്യാമോഹം...

ഇനിയൊരുപക്ഷേ,
സ്വപ്നസഞ്ചാരങ്ങള്‍ക്കിടയില്‍ 
പരസ്പരം തിരിച്ചറിയാന്‍ അവ 
നൂല്ക്കമ്പികള്‍ നെയ്ത് 
എന്നെ ചതിക്കുന്നുണ്ടെങ്കില്‍ 
അത് എന്റെ പരാജയം....

സുതാര്യമെന്ന് തെറ്റിദ്ധരിപ്പിച്ച് 
ഞാന്‍ വിത്തുപാകിയ എന്‍റെ 
ചിന്തകളുടെ രഹസ്യഅറകള്‍ 
ചിതലെടുത്തു തുടങ്ങി..

ഉറവ വറ്റാതെ എന്റെ ആകാശം 
നിറഞ്ഞിരുന്ന മേഘപാളികള്‍ 
ചോദ്യചിഹ്നങ്ങളുടെ ഇടവിട്ട 
കാറ്റേറ്റു മെലിഞ്ഞു തുടങ്ങി...

മറവി ഒരു സാധ്യതയല്ല,
സ്വയം മറവിയിലാഴുന്ന ഒരു 
പകല്‍ പിന്നില്‍ പിറക്കുമ്പോള്‍..

ഇനി സ്വപ്‌നങ്ങള്‍ മാത്രം,
ദിവാസ്വപ്നങ്ങള്‍.....

                      - ദിവ്യ.സി.എസ്   

നിശാശലഭങ്ങള്‍



  മങ്ങിയ ഇരുട്ടില്‍ നിര്‍ത്താതെ 
പുലമ്പുന്ന സ്വപ്നങ്ങളുടെ 
കിതപ്പിലൂടെ നിശാശലഭങ്ങള്‍ 
പറക്കുന്നുണ്ട് ....
നാളെ പുലരുമ്പോള്‍ സ്നേഹിച്ചു 
ചുവന്ന കാതലുള്ള 
വന്‍മരങ്ങളുടെ സുഷിരങ്ങളില്‍ 
പോയി ചേക്കേറാന്‍....
ഇടയിലെവിടെയും തിളങ്ങുന്ന 
കണ്‍കോണുകള്‍ വിശപ്പില്‍ 
കോര്‍ക്കരുതെന്നു  കൊതിച്ച്...
മഞ്ഞിന്റെ നേര്‍ത്ത 
പടലങ്ങളിലൂടെ,
ചാഞ്ഞു നില്‍ക്കുന്ന 
നിലാവലയിലൂടെ..,
അരണ്ട വെളിച്ചം കുടിച്ചു 
വളരുന്ന പുല്‍നാമ്പുകളുടെ 
നിഴല്‍പ്പാടിലൂടെ ,
ഇടയില്‍ ചേര്‍ത്തുപിടിച്ചു 
ചുംബിക്കുന്ന തണുത്ത കാറ്റിന്‍റെ 
കൈവിരല്‍ തലോടി,
വഴിയില്‍ കണ്ടുമുട്ടുന്ന 
മിന്നാമിനുങ്ങിന്റെ പച്ചവെളിച്ചം 
പകുത്തെടുത്ത്,
മഞ്ഞുതുള്ളിയുറഞ്ഞ കൂര്‍ത്ത 
തുമ്പ് വിറപ്പിക്കുന്ന 
ആലിലകളുടെ ഇടയിലൂടെ, 
ചുവപ്പ്  പടര്‍ന്നു കയറുന്ന 
നീലിമയിലേക്ക്...............
                        
                     - ദിവ്യ.സി.എസ്