Monday, 21 January 2013

സ്ത്രൈണം


kuhs north zone arts fest ല്‍ ഒന്നാം സ്ഥാനം നേടിയ കവിത..]
സ്ത്രൈണം 
നീ സ്ത്രീയാണ്......
ഗര്‍ഭപാത്രത്തിന്റെ ഒരുക്കുകൂട്ടലുകള്‍ക്കൊടുവില്‍ 
തിടുക്കപ്പെട്ട് ഒരു നീണ്ടമുറിവിലൂടെ 
നീ പുറത്ത് വന്നപ്പോഴേക്കും,
ചിന്തയിലും നാവിലും അത് 
കൊത്തിവെക്കാന്‍ വെമ്പുന്ന ഒരു സമൂഹം 
പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.
നിനക്ക് മുന്‍പേ നിന്റെ 'സ്ത്രൈണത' 
പുറംലോകം തിരിച്ചറിഞ്ഞപ്പോള്‍,
സംഘര്‍ഷഭരിതമായ നിന്റെ പിറവിയിലേക്കു 
കണ്ണുനിറച്ചു കാത്തിരുന്ന ഒരു ഹൃദയമാണ് 
നിന്നെ ചുമന്നിരുന്നത്.
നിനച്ചിരിക്കാതെ പെയ്ത പേമാരിയില്‍ 
കൗമാരത്തിന്‍റെ ജ്വാലകളണഞ്ഞ്‌,
മാതൃത്വത്തിന്റെ ഒരുകുടം കണ്ണീര്‍ 
നെഞ്ചിലേറ്റിയ ഒരു കുരുന്നു ഹൃദയം...


നീ സ്ത്രീയാണ്....
വിടര്‍ന്ന കണ്ണുകളില്‍ നീ കണ്ട 
വര്‍ണലോകത്തിനിപ്പുറം ചാരനിറമുള്ള 
കഴുകന്മാര്‍ പറക്കുന്നുണ്ടെന്നു 
തിരിച്ചറിയാനാവാത്ത ദൈന്യത..
മടിയിലിരുത്തി ലാളിച്ച വാത്സല്യത്തിന്റെ 
മൂടുപടം മായുമ്പോള്‍ മംസക്കൊതിപൂണ്ട്‌ 
തൊണ്ടവേവുന്ന പരുക്കന്‍ വിരലുകള്‍ 
കാണാനാവാത്ത നിഷ്ക്കളങ്കത..


നീ സ്ത്രീയാണ്.....
വിവേചനങ്ങളുടെ  ബാലപാഠങ്ങള്‍ 
കരളിലുറയ്ക്കും  മുന്‍പേ,
കൈചേര്‍ത്തു പിടിച്ച കൂട്ടുകാരന്റെ 
ശാഠയങ്ങള്‍ക്ക്  വഴങ്ങിയ ബാല്യം,
പരീക്ഷണങ്ങളുടെ നെറികെട്ട 
മത്സരങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നപ്പോള്‍ 
അക്ഷരങ്ങള്‍ കാട്ടിക്കൊതിപ്പിച്ച്,
കൂരിരുട്ടില്‍ തന്നിലേക്ക് പടര്‍ന്നുകയറിയ 
അധ്യാപകനെ വിലക്കനാവാതെ -
പോയ നിസ്സഹായത...


നീ സ്ത്രീയാണ്.....
ജീവിതയാത്രയുടെ വേഗംകൂട്ടിയ 
ഇടത്താവളങ്ങളില്‍,
നീണ്ടു വരുന്ന വിരലുകളോടും 
മാംസംതുളക്കുന്ന കണ്ണുകളോടും 
പോരാടാനാവാതെ ചക്രങ്ങള്‍ക്കിടയില്‍ 
ചതഞ്ഞരഞ്ഞില്ലാതായവള്‍.
യൗവനത്തിന്റെ ഋതുഭേദങ്ങളില്‍ 
കാമുകന്‍റെ വിറപൂണ്ട കൈവിരലുകളിലേക്ക് 
സ്വയം ഇറങ്ങിച്ചെന്നവള്‍ .
ഇരുട്ട് പടരുന്ന വഴികളില്‍ 
പിന്തുടരുന്ന കണ്ണുകളിലെ മൃഗീയത 
കണ്ടില്ലെന്നു നടിച്ച് കാല്‍ക്കീഴിലെ 
രക്തം പുരണ്ട മണ്ണിനൊപ്പം 
കൂരിരുട്ടിലേക്ക് ഒലിച്ചുപോയവള്‍.


നീ സ്ത്രീയാണ്....
സൈബര്‍വലകളില്‍ കുടുങ്ങി 
തലമാറ്റങ്ങളുടെ വിലക്കയറ്റത്തിനൊപ്പം 
ഞരമ്പുരോഗികളുടെ രോമകൂപങ്ങളില്‍ 
നീരു പകരാന്‍ വിധിക്കപ്പെട്ടവള്‍.
കൂടെയുറങ്ങാനും പെറ്റുനിറയാനും മാത്രം 
മരണക്കയറിനു കഴുത്തുനീട്ടിയവള്‍.
ഒരേ ഗര്‍ഭപാത്രത്തിലുറങ്ങിയവന്റെ 
കാമവെറിയുടെ കിതപ്പുകള്‍ മാറ്റി
മൃതിയടഞ്ഞവള്‍.


നീ സ്ത്രീയാണ്....
പെണ്ണെഴുത്തിന്റെ തുറന്നുപറച്ചിലുകളെ 
കീറിമുറിച്ച പുരുഷതൂലികകള്‍ക്കു 
മുന്നില്‍ ആത്മഹത്യ ചെയ്തവള്‍.
കരിപിടിച്ച മേല്ക്കൂരക്കുപുറത്ത് നിനക്ക് 
സ്ഥാനമില്ലെന്നു കല്‍പ്പിച്ച വെള്ളമുണ്ടുകള്‍ക്ക് 
അടിമയായവള്‍.
സ്വപ്നങ്ങളുടെ താക്കോല്‍ തിരഞ്ഞ് 
തിളയ്ക്കുന്ന ജീവിതത്തിലേക്ക് 
ഊളിയിട്ടവള്‍..


നീ സ്ത്രീയാണ്.....
നീയെന്തുകൊണ്ട്‌ ഇരപിടിയന്മാരുടെ 
കാല്‌ച്ചുവട്ടിലെ അനേകം ജന്മങ്ങളില്‍ -
നിന്ന് വഴിമാറി മറ്റൊരു പിറവിയെടുക്കുന്നില്ല;
ദുരിതങ്ങളുടെ ഒരു മഴക്കാലത്തിനിപ്പുറം 
സ്നേഹം പെയ്തു നിറയാന്‍...
വിഷജന്മങ്ങളെ നിന്റെ കണ്ണുകളിലെ 
ഗ്രീഷ്മജ്വാലയില്‍ ചാമ്പലാക്കാന്‍..
നോവുകളുടെ വിറങ്ങലിപ്പുകള്‍ മറന്ന് 
പ്രണയത്തിന്‍റെ നിലാവലയാകാന്‍.....


ഇനി നീ മണ്ണില്‍ കുരുക്കുക സ്ത്രീയായി......
അതേ നീ സ്ത്രീയാണ്.....


 - ദിവ്യ.സി.എസ്  

4 comments:

Sangeeth vinayakan said...

<< പെണ്ണെഴുത്തിന്റെ തുറന്നുപറച്ചിലുകളെ
കീറിമുറിച്ച പുരുഷതൂലികകള്‍ക്കു
മുന്നില്‍ ആത്മഹത്യ ചെയ്തവള്‍. >>

വിശദീകരണം വേണം എന്ന് തോന്നി ...

Mubi said...

അഭിനന്ദനങ്ങള്‍...

പ്രവീണ്‍ കാരോത്ത് said...

നന്നായിട്ടുണ്ട് എന്ന് തോന്നി, എന്നാലും ഇവിടെ ഇടുന്നതിനു മുന്‍പ് അക്ഷര പിശകുകള്‍ ഒന്ന് ശരിയാക്കാമായിരുന്നു.
ആശംസകള്‍

saayoogyam said...

ഇന്നിന്റെ സ്ത്രീത്വത്തെ, അവളെ ചൂഴ്ന്നു നില്‍ക്കുന്ന ബാഹ്യാന്ധരങ്ങളെ വരികളില്‍ കുറിച്ചിട്ടതിനു ഒരുപാട് നന്ദി .. വളരെ നല്ലത് ദിവ്യ .... ഉറവ വറ്റാത്ത ഈ തൂലികയില്‍ നിന്നും ഇനിയുമൊരുപാട് പ്രതീക്ഷിക്കുന്നു .... വീണ്ടും എഴുതു , ആശംസ്സകള്‍ .