ഞാന്‍

ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന ഒരു സാഗരമുണ്ട്...തിരക്കൈകളില്‍ ജീവിതത്തിന്‍റെ ഓരോ ഏടും
ഒളിപ്പിച്ചുവെച് മറവികളില്‍ വീണു മരിക്കുന്ന ഒരു സാഗരം...
തീരങ്ങളില്‍ ഞാന്‍ വെറുതെ കാല്‍പ്പാടുകള്‍ തിരഞ്ഞു.
ഒരു മറുവാക്ക് പോലുമില്ലാതെ മാഞ്ഞുപോയ വിരല്‍പ്പാടുകള്‍....
പക്ഷെ ഒന്നിന് പുറകെ മറ്റൊന്ന് പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരുന്നു...
ചിലത് ആഴത്തില്‍ പതിഞ്ഞവയായിരുന്നു...സ്നേഹത്തിന്റെ ഒരു മഴക്കാലം അതില്‍ തങ്ങിനിന്നു,
ഒരു തിരമാലക്കും സ്വയം കീഴടങ്ങാതെ., മങ്ങാത്ത കൈയൊപ്പുകള്‍ പതിപ്പിച്ചു.

അതും കടന്നു പോയി...
പിന്നീടും ഋതുഭേദങ്ങളില്‍ നോവാതെ പെയ്ത ഒരു മഴ, നൊമ്പരങ്ങളില്‍ കണ്കോണ്കളില്‍
ഉറവ തേടി... ചുവന്ന സന്ധ്യകളില്‍ കൂടണയാനാവാതെ പോയ മനസ്സിന്റെ മൌനം തിരഞ്ഞു...
ഏകാന്തമായ ഒരു പകലിന് ശേഷം വിരല്‍ത്തുമ്പു തിരയുന്നതാരെയെന്നോര്‍ത്തു അതിശയിച്ചു...

ചിന്തകളില്‍ ലാഘവമായിരുന്നു.കണ്ണീരു വറ്റിയ ഒരു വരി മൂളി ചുറ്റും ശലഭങ്ങള്‍..
പുസ്തകത്താളുകളില്‍ ചിന്തിയ ചോരയുടെ ഓര്‍മയില്‍ പൂവാകകള്‍ പുഞ്ചിരിച്ചു..
പെയ്യാന്‍ മറന്ന മഴയുടെ സിരയില്‍ തലോടി ഒരു തണുത്ത കാറ്റ്...
നീലരാവിന്‍റെ പാതിവഴിയില്‍ മനംനിറഞ്ഞു പെയ്ത മഴനൂലുകളില്‍
പാലപ്പൂവിന്റെ ഗന്ധം...
ഞാന്‍ ഇനി പണ്ട് വഴിയരികില്‍ മറന്നു വെച്ച ലോകങ്ങളുടെ
വേര് ചികയട്ടെ...
ഇടയിലെവിടെയോ രക്തമുറഞ്ഞ മരവിപ്പ് പതിയെ ഓര്‍മകളുടെ
ഇളംചൂടില്‍ അലിയുന്നുണ്ട്...

ഇത് സത്യം...
ചിലത് നീ മറന്നതാണ്..
അതോര്‍മ്മിക്കാന്‍ മറ്റു ചിലത്..
ജീവിതം വല്ലാതെ അതിശയിപ്പിക്കുന്നു.

ഒപ്പം ലോകം വികസിക്കുന്നു..
കാഴ്ച വളരുന്നു,
വാക്ക്.. അര്‍ത്ഥപൂര്‍ണമാകുന്നു...

1 comment:

Anonymous said...

ജീവിതം വല്ലാതെ അതിശയിപ്പിക്കുന്നു..!!valare nannayitund.