Tuesday 28 May 2013

നിശാഗന്ധി

ബാല്യത്തിന്‍റെ വിടര്‍ന്ന കണ്ണുകളില്‍
പാതിവഴി പിന്നിട്ട രാവിന്‍റെ
പ്രകാശകണികകളായി
പൂത്തുലഞ്ഞവള്‍...
മഞ്ഞുപെയ്ത രാവിന്‍റെ അടയാളങ്ങള്‍
നെറുകയില്‍ ചൂടി
ഇമചിമ്മാതെ നിന്നവള്‍....
വിടരാതെ പോയ മൊട്ടിന്റെ
നൊമ്പരം താങ്ങാനാവാതെ ,
ഇലത്തുമ്പിലെ വേരുനീട്ടി
കൈത്താങ്ങു തേടിയവള്‍...
കൌമാരം കോറിയിട്ട
എഴുത്തുപലകകളില്‍
സ്നേഹത്തിന്റെ സൌരഭ്യമായി
ഇതളടര്‍ന്നു വീണവള്‍.....
നരവീണ മനസ്സിന്‍റെ
നഷ്ടഗന്ധങ്ങളില്‍
പൊഴിയാതെ നിന്നവള്‍....
മഞ്ഞപുതച്ച മരണത്തിന്‍റെ
പച്ചവഴികളില്‍ നിന്ന്‍
പുനര്‍ജനി തേടിയിരുന്നവള്‍....,,,

നിശാഗന്ധി......

Monday 27 May 2013

പാതിവഴിയില്‍ തനിച്ചാക്കിപ്പോയ
ചില വാക്കുകളുണ്ട്..
പെയ്തു തീരാത്ത മഴ പോലെ 
ഇടയ്ക്കിടെ തണുത്ത വിരലുകള്‍ 
നീട്ടുന്ന ചില ബന്ധങ്ങളും...
ഒരു നോക്കിന്റെ ശൂന്യതയില്‍ 
വല്ലാതെ നോവുന്ന 
മനസ്സുകളും....

നമ്മളില്‍ ഇപ്പോള്‍ ഒഴുകുന്നത്
പഴകിയ വിചാരങ്ങളുടെ
അവശേഷിപ്പുകളാണ് ..
നാം സ്വയം തിരിച്ചറിഞ്ഞ്
പരസ്പരം അറിയും മുന്‍പേ
കുഴിച്ചുമൂടിയ കൊള്ളരുതായ്മകള്‍....
എനിക്കറിയില്ലെന്ന് നീയും
നിനക്കറിയില്ലെന്ന് ഞാനും
വിശ്വസിക്കുന്ന മൂടുപടം
നഷ്ടപ്പെട്ട രഹസ്യങ്ങള്‍!!!!!
സ്വയം പരിഹാസ്യരാവുകയല്ലാതെ
മറ്റെന്താണ് നാമിവിടെ
ചെയ്യുന്നത്?????

Saturday 25 May 2013

സമയ യുദ്ധങ്ങള്‍ ..



തീയതികളെ  ചതിച്ചാണ്  എന്‍റെ
ജീവിതം ചേര്‍ത്തു പിടിച്ചു
ഞാന്‍ മുന്നോട്ടു പായുന്നത്....
ഇനിയൊരു പക്ഷേ ഒരിക്കലും
ചതിക്കപ്പെടില്ലെന്നറിയുന്ന
സമയത്തിനു മുന്‍പേ നടക്കാന്‍
കൊതിക്കുന്ന എന്‍റെ ആശങ്കകളാവാം
വേരുറക്കും മുന്‍പേ എന്നെ
നാളെയിലേക്ക്  പറിച്ചു നടുന്നത്.

കലണ്ടര്‍ ഒരു യുദ്ധഭൂമിയാണ്.
കറുപ്പും ചുവപ്പും
തമ്മിലുള്ള അടങ്ങാത്ത ജാതിപ്പോരുകള്‍....
എന്നും സവര്‍ണ്ണനാവാന്‍
കൊതിച്ചാണ് എന്‍റെ
ദിവസങ്ങള്‍ പുലര്‍ന്നിരുന്നത്,
ഗതികേടുകള്‍ കറുത്ത അക്കങ്ങളില്‍
തളച്ചിടുമ്പോള്‍
ഇരുട്ടിവെളുക്കുന്നത് തിരിച്ചറിയാന്‍
കിതപ്പുകളും നെടുവീര്‍പ്പുകളും
മാത്രമേ ശേഷിക്കുന്നുള്ളൂ .

ഒടുക്കം കാത്തിരുന്ന ചുവന്ന
പകലിന്‍റെ ഘടികാരം
ശരവേഗം തേടുമ്പോള്‍
വീണ്ടും കല്‍ത്തുറു ങ്ക് കള്‍
തുറന്നിട്ട്‌ ഇരുട്ട് പടരുന്നു;
ഹരിച്ചും ഗുണിച്ചും ജയിക്കാനാവാത്ത
കലണ്ടറിലെ സ്ഥാനം
തെറ്റിയ അക്കങ്ങളിലൂടെ....