Sunday 24 February 2013

പരാജയം


വിലപേശലുകളുടെ ഒരു നീണ്ട
യുഗത്തിനു മുന്‍പ്,
ഞാന്‍ നിന്റേതു മാത്രമായിരുന്നു...
തമ്മില്‍ക്കലരാത്ത പകലുകളുടെ
നിഴലില്‍ നാം പ്രണയിച്ചിരുന്നു...
എന്നിട്ടും നിന്നില്‍ പെയ്തൊടുങ്ങാനാവാഞ്ഞതാണ്
എന്‍റെ പരാജയം....

നിന്‍റെ ജീവിതം
എന്‍റെ നിഴലിന്‍റെ തടവറയില്‍
ഒടുങ്ങുകയാണെന്നു
തിരിച്ചറിയുമ്പോള്‍
പറന്നു പൊയ്ക്കൊള്ളുക...

നിനക്കായി ജന്മമെടുത്ത
അതിരുകളില്ലാത്ത ഒരാകാശം
മറുകോണിലെവിടെയോ
നിന്നെ തിരയുന്നുണ്ട്....

നീ വന്നത്


നീ എന്തിനെന്റെ വെയിലിന്‍റെ
രാജ്യത്തേക്ക് കടന്നു വന്നു?
അപ്പോള്‍ എന്‍റെ വെയില്‍ക്കിളികള്‍
യാത്ര പോയിരിക്കുകയായിരുന്നു.
നിന്‍റെ കണ്ണുകളിലെ ഗ്രീഷ്മജ്വാലയെ
ഭയന്ന് അവ പിന്നീടൊരിക്കലും
തിരിച്ചുവന്നതുമില്ല...
നീ പടര്‍ന്നുകയറിയതില്‍പ്പിന്നെ
മഴയായിരുന്നു...
നിലക്കാത്ത മഴ....
അതില്‍ ഭ്രമിച്ചു ഞാന്‍
കണ്ണീര്‍പ്പുഴയിലേക്കൊലിച്ചു പോയി....

നിലവിളികള്‍

നോവിന്‍റെ തുരുത്തുകളില്‍
തനിച്ചായ കാല്‍പ്പാടുകള്‍..;
സങ്കീര്‍ണമായ ജന്മരഹസ്യം
മുരടിപ്പിച്ച മയില്പ്പീലിത്തുണ്ടുകള്‍..;
ചോരവറ്റിയ വിരല്‍ത്തുമ്പില്‍
ചിതറിപ്പോയ വളപ്പൊട്ടുകള്‍..;
വെട്ടിമാറ്റിയ കൈപ്പത്തിയില്‍
ഉറഞ്ഞുപോയ അവകാശങ്ങള്‍..;
എല്ലാവരും ഒത്തുചേര്‍ന്നത്
ഒരു അര്‍ദ്ധവിരാമത്തിലായിരുന്നു.
ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും
വിലപേശലുകള്‍ക്കൊടുവില്‍
അവര്‍ മാഞ്ഞുപോയി,
പിന്നീട് ഉറങ്ങാന്‍ നേരമില്ലാത്ത
മനുഷ്യരുടെ ഇരുണ്ട സ്വപ്നങ്ങളില്‍
നിലവിളികളായി പുനര്‍ജനിച്ചു..

Saturday 16 February 2013

നിഴല്‍ച്ചിത്രങ് ­­ങള്‍ _______________ ­__ ഓര്‍മകളുടെ ആയുസ്സറ്റു തുടങ്ങിയപ്പോഴാണ് ഞാന്‍ നിഴല്‍ച്ചിത്ര­ങ­ളില്‍ ജീവിതം പകര്‍ത്തിവെക്കാ­­ന്‍ പഠിച്ചത്. ഇന്നിന്‍റെ നരച്ച ജീവിതം നിറയെ അവ പകര്‍ന്നുതന്ന നിറങ്ങളാണ്.. തീരാത്ത നോവുകളുടെ ഇടവേളകളില്‍, പഴകിയ താളുകളില്‍ നിന്ന് നിറഞ്ഞൊഴുകുന്ന പുഞ്ചിരികള്‍.. മൌനവെയിലില്‍ ദ്രവിച്ച വേരുകളുടെ ഓര്‍മപ്പെടുത്തലുകള്‍.. തനിച്ചാക്കിപ്പോ­­യ തൂവല്‍പ്പക്ഷികളുടെ കണ്ണീര്‍ച്ചാലുക­ള്‍... ചുവന്ന അക്കങ്ങളുടെ ചുവട്ടില്‍ നിന്ന് നിറമുള്ള നിഴലുകളില്‍ പതിഞ്ഞ പേരറിയാത്ത മുഖങ്ങളുടെ ഓര്‍മച്ചിത്രങ്ങ­­ള്‍... ഈറനണിഞ്ഞ നിറക്കാഴ്ച്ചകളു­­ടെ അവസാനത്തെ താളും മറിയുമ്പോള്‍.. വിള്ളല്‍ വീണ, നിറം വറ്റിയ മനസ്സിന്‍റെ ചുവരെഴുത്തുകള്‍­ക്കു മേലെ തൂങ്ങിയാടുന്നു. ­ ­..; ചില ഹൃദയവ്യഥകള്....