Friday 13 July 2012



വാരാന്ത്യത്തിലെ മനം മടുപ്പിക്കുന്ന
കിതപ്പിലേക്ക് വീണ്ടും ഒരു
മഴ പുലമ്പുന്നു....
നീ; ഇരുള്‍ വീണ ജീവിതത്തിന്റെ
ആദ്യ ഏടുകളില്‍ ഒളിച്ചു ...
ചികഞ്ഞെടുക്കാന്‍ വയ്യ,
മുറിവേറ്റ കണ്ണാടിയുടെ
ലക്ഷണം കെട്ട പാതി പോലെ
മനസ്സിന്‍റെ പുറമ്പോക്കില്‍
ആകാശം നോക്കി കിടക്കുന്നു
നിന്‍റെ ഓര്‍മ്മകള്‍.....
പലവട്ടം സ്വയം വിലക്കിയിട്ടും;
ഞാന്‍ അത് തിരഞ്ഞു
തക്കൊല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍
തപസ്സിരിക്കുന്നു....
ഞാനെങ്ങനെ നിന്നെ മറക്കാന്‍....
തിങ്കളാഴ്ചകളുടെ കനത്ത
വിരസതയിലേക്ക് വീണ്ടും
കാല്‍തെറ്റി വീഴുമ്പോള്‍,
നീ എന്റെ വേദനകളിലലിഞ്ഞില്ലതായി,
കാണാമറയത്തിരുന്നു
പുഞ്ചിരിക്കുന്നു...
നിന്‍റെ പരിചിത ഗന്ധത്തിന്റെ
സാന്ത്വനത്തില്‍ ഞാന്‍
ജീവിതം കൊതിക്കുന്നു;
ഒരുപക്ഷെ നീ മറഞ്ഞ
മരണത്തെക്കാള്‍ ഏറെ....

Thursday 12 July 2012



കണ്ണുകളിലെ നനവ്‌.......... നീ തിരയുന്ന വിഷാദഭാവം...ഞാന്‍ പിന്തിരിഞ്ഞു നടന്ന വഴികളില്‍ പടരുന്ന മൂകത..ഇരുട്ട് നിറയുന്ന സന്ധ്യയും..ഞാന്‍ നഷ്ടപ്പെട്ട വികാരങ്ങളുടെ നിഴല്‍പ്പാട് തിരയുന്നു.സ്വപ്നങ്ങളിലെ ഇരുട്ട് വ്യഘ്യാനിക്കനാവാതെ പരന്നോഴുകുന്നു...

                  വിരക്തി അതിന്‍റെ മൂര്‍ത്തഭാവങ്ങളില്‍ എന്റെ ചിന്തകളില്‍ വരയുന്നു.ഒഴുകിപ്പോയ രക്തത്തെ പരിഹസിച്ച് വിളറിവെളുത്ത ശരീരം..കാലടികളില്‍ കുത്തിനോവിച്ച മണ്‍തരികളുടെ അവകാശം തിരയുന്ന എന്റെ ഓര്‍മകളും...നീ നഷ്ടസ്വപ്നങ്ങളില്‍ ഒളിക്കുന്നു..ഞാനിനിയും തിരിച്ചറിവ് നേടാത്ത പൈതലായി നിന്റെ കണ്കോണിലൊളിക്കട്ടെ...നിന്റെ വാക്കുകളുടെ ശ്രുതിയിലലിയട്ടെ...
                        
                  നീയെന്നും എന്റെ നോവുകളുടെ ഭാരം പേറിയിരുന്നു...എന്റെ വിരല്ത്തുമ്പിലെ പഴകി ദ്രവിച്ച തൂലികയില്‍ ഉതിര്‍ന്നതും നീയായിരുന്നു...നിന്റെ ഗന്ധത്തിന്റെ ഗൂഡമായ ശേഷിപ്പുകള്‍ എന്റെ നഷ്ടബോധത്തിന്റെ വേദന ആഴത്തില്‍ ഉണര്‍ത്തുന്നു...

                   എന്റെ അപൂര്‍ണമായ നിഴല്‍ പോലെ നീയെന്നെ പിന്തുടരുന്നു..എന്‍റെ രക്തത്തിന്റെ ആഴങ്ങളില്‍ പുനര്‍ജനി തേടുന്നു..

Wednesday 4 July 2012





നമ്മള്‍ ഒന്നിച്ചു നടന്ന
വഴിയോരങ്ങളില്‍ ഇന്നും
ഒരു മഴനൂലിന്റെ സ്പര്‍ശം ഏറ്റു
തൊട്ടാവാടികള്‍ മിഴിപൂട്ടി
ഉറങ്ങുന്നുണ്ടാവും...


ചുവന്ന സന്ധ്യകളില്‍
നമ്മുടെ നീലത്തടാകത്തില്‍
തുമ്പികള്‍ പാറിപ്പറക്കുന്നുണ്ടാവും..

ഈറന്‍ പ്രഭാതങ്ങളില്‍
ഹൃദയം വിങ്ങുന്ന ഗന്ധം നിറച്ചു
ഏഴിലംപാലകള്‍
പുഷ്പശയയ ഒരുക്കുന്നുണ്ടാവും...

വയല്വരംബുകളില്‍ തണുത്ത
കാറ്റിനെ തോല്പിച്ച്
ഒരു മഴ നിര്‍ത്താതെ
പെയ്യുന്നുണ്ടാവും..

പിന്തുടരുന്ന കൈത്തലം
കൊതിച്ച് അപ്പൂപ്പന്‍താടികള്‍
ആകാശം തിരയുന്നുണ്ടാവും...

വിടപറയാതെ പെയ്തൊഴിഞ്ഞ
മഴയുടെ ഓര്‍മയില്‍ ഒരു മരം
വേദനിച്ച് പെയ്യുന്നുണ്ടാവും...

ഒരു നോട്ടത്തിന്റെ ഓര്‍മയില്‍
മന്ദാരപ്പൂക്കള്‍ നാണിച്ചു
തലതാഴ്ത്ത്തുന്നുണ്ടാവും...

കടന്നുപോയ കല്പ്പാടുകളില്‍
തഴുകി വീണ്ടും ഒരു
പുഴ തേങ്ങുന്നുണ്ടാവും...

പക്ഷെ; എന്റെയും
നിന്‍റെയും ഉള്ളില്‍
ബാല്യം തിരയുന്ന
ഒരു മൌനം മാത്രം
വിതുമ്പി നില്‍ക്കുന്നു..

മായാത്ത മുറിവുകളുടെ
ശവകുടീരത്തില്‍ സ്വപ്‌നങ്ങള്‍
പെയ്തു നിറഞ്ഞ്‌,
ഓര്‍മപ്പൂക്കളുടെ കണ്ണീരു
കഴുകിതുടക്കാന്‍
വെമ്പി നില്‍ക്കുന്ന ഒരു മഴയുടെ
വാചാലമായ മൌനം....