Friday, 27 June 2014

ജീവിതാസക്തിയുടെ സ്നേഹത്തുടിപ്പുകൾ....

അലറി പെയ്യുന്ന
മഴയോടൊപ്പം ഒരു
ട്രാഫിക് ഐലൻഡിൽ
തനിച്ചായിപ്പോവുമ്പോൾ,
മഞ്ഞവെളിച്ചങ്ങളുടെ
വേഗത പടർത്തുന്ന
മരണാസക്തിയെക്കുറിച്ച്,

ഇരുണ്ട റെയിൽപ്പാളങ്ങൾക്ക്
കീഴെ തണുത്ത ജലപാളികളുടെ
ആഴങ്ങളിൽ നിന്ന് പതഞ്ഞുയരുന്ന
മരണവിളികളെക്കുറിച്ച് ,

സൂചിമുനകളിൽ ഓരോ വട്ടവും
പുളഞ്ഞു കയറുന്ന
ഒരു തുള്ളി രക്തം
കവിഞ്ഞൊഴുകുന്ന
മരണഭയത്തെക്കുറിച്ച്‌ ,

സ്വപ്നങ്ങളിലെ ഒരു
മഞ്ഞമന്ദാരം തണുത്തുറഞ്ഞ്
ഇല്ലാതാവുന്നത് പോലെ
ഓർമകളുടെ ഒരു വസന്തം
അകന്നു പോവുന്നതിനേക്കുറിച്ച്‌,

നിന്നോട് പുലമ്പാതിരിക്കുന്നത്,

ഇപ്പോഴും നിന്റെ കണ്ണുകളിലെ
ഭയം തറഞ്ഞു കയറുമ്പോൾ
നോവുന്നത്,
എന്റെ ജീവിതാസക്തിയുടെ
സ്നേഹത്തുടിപ്പുകൾക്കാണ്......

1 comment: