Sunday, 20 July 2014

ചോദിക്കപ്പെടാത്ത്ത ചില ചോദ്യങ്ങൾക്ക്

ജീവന്റെ കണികകളൊക്കെയും
അപ്രഖ്യാപിതമായ ഒരു
ഒളിപ്പോരിലാണെന്ന്
തിരിച്ചറിയുമ്പോൾ ,

ഹൃദയം, വേദനകൾ
കൊണ്ട് മാത്രം സംവദിക്കുന്ന
ഒരു കണ്ണാടിക്കൂട്ടിലേക്ക്
ഒരറ മാത്രമായി ചുരുങ്ങും..,

സ്വപ്നങ്ങളിലൊക്കെയും
വെയിൽച്ചീളുകൾ കൊണ്ട്
മുറിവേറ്റ ഓർമ്മകൾ
ചിതറിക്കിടക്കും...

കൈവിട്ടുപോവുന്ന
സമയത്തെക്കുറിച്ച് ഒരു ഘടികാരം പരാതിപ്പെട്ട്
മിടിച്ചുകൊണ്ടിരിക്കും...,

നിന്റെ കണ്ണുകളിലേക്ക്
തിരികെ വരാനാവില്ലെന്ന്
ഒരു പുഴ ഒഴുകിമറയും..

പൂത്തുലഞ്ഞു നിന്ന ഒരു
വസന്തത്തിനെ മഞ്ഞലകൾ
ഞെരിച്ചു കൊല്ലും...,

നിയന്ത്രണം വിട്ട വാക്കുകളെ
മുറിവേറ്റ ആത്മാവിനൊപ്പം
അപകടപ്പെടുത്താൻ
തീരുമാനിച്ച് ഞാൻ
നിശബ്ദതയിലേക്ക്
കൂപ്പുകുത്തും...