Thursday, 6 June 2013

വിലാസം ; മരണം@gmail.com നരകം

ഇരു ധ്രുവങ്ങള്‍ക്കിടയിലെ
തമ്മില്‍ക്കലരാത്ത സൈബര്‍ വലത്തുമ്പുകളുടെ
അനന്തതയിലെവിടെയോ
ഇരുന്നാണ് നാം വേരറ്റ ബന്ധങ്ങളുടെ
ഇരുട്ടില്‍ ഹരിശ്രീ കുറിച്ചത്...

അമ്മ നാവില്‍ തിരുകിയ കൃത്രിമത്വത്തിനും
അച്ഛന്‍റെ പാതിമയങ്ങിയ കണ്ണുകള്‍ക്കും
കാലുറക്കാത്ത ചിന്തകള്‍ക്കും മേലെ,
ബാല്യം വാര്‍ത്തെടുത്തിരുന്ന മാതൃത്വത്തിന്റെ
മൂശകളുണ്ടെന്ന് കേട്ടറിഞ്ഞതും....

ചെറുവിരല്‍ത്തുമ്പിലെ ചലിക്കുന്ന
'ഇ -ലോക ' ത്തിനപ്പുറം , അത്
ചേര്‍ത്തുപിടിച്ചു നടക്കാന്‍ പഠിപ്പിച്ച
പൈതൃകത്തിന്റെ വേരുകള്‍ ചികഞ്ഞതും...

നിമിഷനേരത്തെ വിരസപാചകങ്ങള്‍ക്കും
മുന്‍പേ , പടിയിറങ്ങിപ്പോയ നരവീണ
വിരലുകള്‍ തീര്‍ത്ത രുചിയുത്സവങ്ങളില്‍
നൊന്ത്‌ കൊതിച്ചതും...

എണ്ണിയാലൊടുങ്ങാത്ത കോണ്ക്രീറ്റ്
കാടുകളുടെ അടിവേരുകളില്‍നിന്ന്‍
നനവിനു യാചിച്ച വിത്തുകളുടെ
മരണവിലാപം ചെവിയില്‍ തറച്ചതും...

മുഖപുസ്തകങ്ങളും എഴുത്തുപലകകളും
ചേക്കേറിയ ജീവിതം, നമ്മള്‍ ഒരേ
പച്ചവെളിച്ചത്തിനു താഴെ കുടിയിരുത്തി
ചാറ്റല്‍മഴകള്‍ക്ക് കാതോര്‍ത്തപ്പോഴാണ്.

ഇനിയുമൊരു നാളില്‍ നാം
പാതിവഴി പിന്നിട്ട രാവിന്‍റെ ചാറ്റല്‍
ചിന്തകളില്‍ നിന്ന്
നഷ്ടലോകം തേടി യാത്രയായി...

വിരല്‍ത്തുമ്പിലെ മിഥ്യാലോകം
വെടിഞ്ഞു നാം രക്തച്ചുവപ്പിന്റെ
തെരുവുകളിലലയുമ്പോള്‍
പൊരിയുന്ന മണല്‍ മാത്രം,
വരളുന്ന ബുദ്ധിയുടെ നീരും കുടിച്ച്
ശീതക്കാറ്റിനും കീഴെ യന്ത്രങ്ങള്‍ മാത്രം...

കനിവും മുലപ്പാലും പുഴകളും കണ്ടില്ല,
ഇരുളവീണ പൂമരക്കുറ്റികള്‍ക്കും മീതെ
അലറിയാര്‍ക്കും ചാവുകടല് മാത്രം.

തുളവീണ ആകാശപാളികളില്‍ നിന്നും
വിഷമാരി പെയ്തു നാമെരിയും മുന്‍പേ,
ചതിയുടെ വലക്കണ്ണികളിലൂടെ തിരികെ
നടക്കുമ്പോള്‍ നീ ചോദിച്ചത്,
ഒരിറ്റു കണ്ണീര്‍ മാത്രം.......

അന്യമായിപ്പോയ വികാരങ്ങളുടെ
മരവിപ്പും പേറി ഞാന്‍
ശ്വാസം തിരയുമ്പോള്‍,
പുകമറയിലെവിടെയോ നീയലിഞ്ഞില്ലാതായി...
വെളിപ്പെടുത്താന്‍ ജീവരഹസ്യങ്ങളില്ലാതെ
ഞാന്‍ നഷ്ടഋതുക്കളുടെ നിഴലില്‍ മരിച്ചു..

ഹൃദയമില്ലാത്ത നിങ്ങള്‍ക്കു വായിക്കാന്‍
ഒടുവിലെന്റെ മരണക്കുറിപ്പ് മാത്രം...

വിലാസം ;

      മരണം@gmail.com നരകം ...........................................

2 comments:

Anonymous said...

Good.

ചന്തു നായർ said...

വളർന്ന് വലിയ കവി ആകാനുള്ള എല്ലാ ലക്ഷണങ്ങളൂം ഒരുമിച്ച ഒരു കവിത...കുഞ്ഞേ എന്റെ ആശംസകൾ........